
ഒട്ടാവ: വാക്സിൻ നയത്തിനെതിരെ കാനഡയിൽ ഫ്രീഡം കോൺവോയ് പ്രതിഷേധം ശക്തമാകുന്നു. സംഘർഷം മുറുകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയേയും കുടുംബത്തേയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  അതിനിടെ തനിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ട്രൂഡോ ട്വീറ്റ് ചെയ്തു. അതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതിനെതിരെയാണ് രാജ്യത്ത് ഫ്രീഡം കോൺവോയ് എന്ന പേരിൽ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് മൂർദ്ധന്യാവസ്ഥയിലെത്തി. പ്രതിഷേധത്തിൽ ആയിരക്കണക്കിന് ഡ്രൈവർമാർ ട്രക്കുകളുമായി പങ്കെടുത്തു. ഉത്തരവിനെതിരെ ശനിയാഴ്ച കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ തെരുവുകളിലും പാർലമെന്റിന് മുന്നിലും പ്രതിഷേധം നടന്നിരുന്നു.
ഞായറാഴ്ച പ്രതിഷേധം മൂലം തലസ്ഥാന നഗരിയായ ഒട്ടാവ സ്തംഭനാവസ്ഥയിലായി. പ്രകടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചില ട്രക്ക് ഡ്രൈവർമാർ കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഹൈവേ ട്രക്കുകൾ നിരത്തി തടഞ്ഞു. ഇന്നലെയും പ്രതിഷേധം തുടർന്നു. പ്രതിഷേധത്തിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള ഏഷ്യൻ ട്രക്ക് ഡ്രൈവർമാരും പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. സമരം സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളിൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രാദേശിക പൊലീസ് വ്യക്തമാക്കി.
 ഫ്രീഡം കോൺവോയ്
സ്വതന്ത്ര വാഹനവ്യൂഹമെന്നാണ് ഫ്രീഡം കോൺവോയ് എന്ന വാക്കിനർത്ഥം. കൊവിഡുമായി ബന്ധപ്പെട്ട സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ, പ്രത്യേകിച്ച് അമേരിക്ക - കാനഡ അതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാരുടെ വാക്സിനേഷൻ സംബന്ധിച്ച് അടുത്തിടെ വന്ന ഉത്തരവിനെതിരെ പ്രകടനം നടത്താൻ ട്രക്ക് ഡ്രൈവർമാർ ഒത്തുചേർന്ന് തീരുമാനമെടുക്കുകയായിരുന്നു.വെള്ളിയാഴ്ച, നിരവധി ട്രക്കുകൾ അടങ്ങിയ വാഹനവ്യൂഹം ഒട്ടാവയിൽ എത്തി. ഇതോടെ വാക്സിനേഷൻ വിരുദ്ധ പ്രതിഷേധക്കാരും ഇവരോടൊപ്പം പ്രകടനത്തിൽ പങ്കെടുത്തു.
ഞായറാഴ്ച അമേരിക്കൻ - കാനഡ അതിർത്തിയിലെ നാലാം ഹൈവേയിൽ ഇവർ ഗതാഗതം മുഴുവനായും തടസ്സപ്പെടുത്തി.
കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലെ ഒരു പ്രധാന വാണിജ്യ പാതയാണിത്. റോഡ് ഉപരോധത്തിനായി നൂറോളം ട്രക്കുകളാണ് എത്തിയത്. തുടർന്ന് അനധികൃതമായി പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. പ്രതിഷേധം ശമിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഭീഷണിപ്പെടുത്തി കാര്യം നേടുന്ന തന്ത്രം നിറുത്തുക. സഹ കനേഡിയൻമാരോട് ബഹുമാനം കാണിക്കുക
ഒട്ടാവ മേയർ
ജിം വാട്സൺ