
വാഷിംഗ്ടൺ:കാൽ മുറിഞ്ഞ ആഫ്രിക്കൻ തവളകളിൽ പുതിയ കാൽ വളർത്തി അമേരിക്കയിലെ മസാച്ചുസറ്റ്സ് സർവകലാശാലയിലെ ഗവേഷകർ. ആഫ്രിക്കയിൽ ധാരാളമായി കാണപ്പെടുന്ന സെനോപസ് ലേവിസ് എന്ന തവളയുടെ കാലാണ് വളർത്തിയതെന്ന് സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ശസ്ത്രക്രിയയിലൂടെ കാൽ മുറിച്ച് മാറ്റിയ തവളകളെയാണ് പഠനത്തിന് ഉപയോഗിച്ചതെന്നാണ് വിവരം. 24 മണിക്കൂറാണ് ഗവേഷകർ വികസിപ്പിച്ച മരുന്ന് തവളകളുടെ കാലിലെ മുറിവിൽ പ്രയോഗിച്ചത്. പതിനെട്ടുമാസത്തിനകം പുതിയ കാലുകൾ ഉണ്ടായി.
ഞങ്ങൾ തിരഞ്ഞെടുത്ത മരുന്നുകൾ തവളകളിൽ കാലുകൾ പുനഃസൃഷ്ടിക്കാൻ സഹായിച്ചുവെന്നതിൽ സന്തോഷമുണ്ട്. വളരെ കുറച്ച് കാലം മാത്രമാണ് ഇവയെ ചികിത്സിക്കേണ്ടി വന്നത്. തവളയെ പോലെ കൈയ്യോ കാലോ നഷ്ടപ്പെട്ട ജീവികളെ ചികിത്സിക്കാനും ഈ രീതി പരീക്ഷിക്കാമെന്നാണ് പ്രതീക്ഷയെന്ന് ഗവേഷകയായ നിരോഷ മുരുഗൻ പറഞ്ഞു. പുതുതായി ഉണ്ടായ കാലുകളിൽ അസ്ഥിയും വിരലുകളുമുണ്ട്. സ്പർശന ശേഷിയുള്ള ഈ കാലുകൾ കൊണ്ട് തവളകൾക്ക് നീന്താനും കഴിയുന്നുണ്ടെന്നും നിരോഷ കൂട്ടിച്ചേർത്തു.
തവളയുടെ മുറിവിൽ സിലിക്കൺ ക്യാപ്പ് വച്ച് കൃത്യമായ മരുന്ന് നൽകിയപ്പോൾ കാൽ വളർന്നു. ഈ രീതി എത്രയും വേഗം സസ്തനികളിൽ പരീക്ഷിക്കണം. അപകടങ്ങളിൽ കൈകാലുകൾ നഷ്ടപ്പെടുന്ന മനുഷ്യർക്ക് ഇത് സഹായകമായേക്കും - ബയോളജി പ്രഫസറായ മൈക്കിൾ ലെവിൻ പറഞ്ഞു. മുറിവിന്റെ അടയാളം ബാക്കിയാക്കാതെ ഉണങ്ങാൻ സഹായിക്കുന്ന ചികിത്സാ രീതി വികസിക്കാൻ പുതിയ പഠനം സഹായിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ മേഖലകളിലേക്ക് ഈ ഗവേഷണം വികസിപ്പിക്കുന്നത് മനുഷ്യരാശിക്ക് ഗുണകരമാണ് - ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഹൃദയാരോഗ്യ പ്രഫസറായ മൈക്കിൾ ഷ്‌നൈഡർ പറയുന്നു. മനുഷ്യരുടെയും തവളകളുടെയും ശരീരങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ഭാവിയിൽ മനുഷ്യരിലും പരീക്ഷണം വിജയകരമായി നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.
 സിലിക്കൺ ക്യാപ്പ്
തവളയുടെ കാൽ മുറിഞ്ഞ സ്ഥലത്ത് പ്രയോഗിച്ച അഞ്ച് ഔഷധങ്ങൾ അടങ്ങിയ സിലിക്കൺ ക്യാപ്പാണ് പരീക്ഷണം വിജയിക്കാൻ സഹായകമായത്. തവളയുടെ വളർച്ചാ ഹോർമോൺ, മുറിവ് ഉണങ്ങാതിരിക്കാനുള്ള മരുന്ന്, മസിൽ വളരാനുള്ള മരുന്ന്, നാഡി വളരാനുള്ള മരുന്ന് തുടങ്ങിയവയുടെ മിശ്രിതമാണ് ക്യാപ്പിൽ ഉൾപ്പെടുത്തിയിരുന്നത്.
 പുനരുജ്ജീവന ശേഷി
ശരീരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശേഷി മൃഗങ്ങളുടെ ശരീരത്തിനുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടെ കരളും വളരാറുണ്ട്. പക്ഷെ, വലുതും സങ്കീർണവുമായ അവയവങ്ങൾ മനുഷ്യരിലും മറ്റു സസ്തനികളിലും വീണ്ടും വളരാറില്ല. അതിനാൽ, കൈയ്യോ കാലോ നഷ്ടപ്പെട്ടാൽ കൃത്രിമമായി ഉണ്ടാക്കിയവയെയാണ് മനുഷ്യർ ആശ്രയിക്കുക.
കൈയ്യോ കാലോ വാലോ മുറിഞ്ഞുപോവുന്ന സലമാണ്ടറുകളിലും നക്ഷത്രമത്സ്യം, ഞണ്ട്, പല്ലി പോലുള്ള ജീവികളിലും പുതിയവ വളരാറുണ്ട്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നതിന്റെ രഹസ്യം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.