
ബിജു മേനോൻ, റോഷൻ മാത്യു, പദ്മപ്രിയ, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത് .എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ ഇന്ന് ഉഡുപ്പിയിൽ ആരംഭിക്കും. ബിജു മേനോൻ, റോഷൻ മാത്യു, പദ്മപ്രിയ എന്നിവരാണ് ഫൈനൽ ഷെഡ്യൂളിൽ പങ്കെടുക്കുക. കൊടുങ്ങല്ലൂരിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ.ആദ്യ ഷെഡ്യൂളിൽ 62 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. ജി.ആർ. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന നോവലൈറ്റിന്റെ ചലച്ചിത്ര ആവിഷ്കാരമാണിത്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്.