
എരുമേലി : തേനി സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ കാറിന്റെ ചില്ലു തകർത്ത് 50,000 രൂപയും ഏഴ് ഫോണുകളും കവർന്ന കേസിലെ പ്രധാന പ്രതികളെ എരുമേലി പൊലീസ് പിടികൂടി. എരുമേലി താന്നിക്കൽ വീട്ടിൽ ആദിൽ ഹക്കീം നിസാർ (24), കുറുവാമൂഴി വട്ടകപ്പാറ വീട്ടിൽ വിഷ്ണു ബിജു (27) എന്നിവരാണ് അറസ്റ്റിലായത്. മോഷണത്തിനുശേഷം ഒളിവിൽ പോയ ഇരുവരെയും തേനിയിലെ സ്വകാര്യ ലോഡ്ജിൽനിന്നാണ് പിടിച്ചത്. ഇവർക്ക് സഹായം ചെയ്ത രണ്ട് പ്രായപൂർത്തിയാകാത്തവരെ പേരെനേരത്തേ പിടികൂടിയിരുന്നു. പ്രതികൾ തേനിയിലുണ്ടെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് എസ്.എച്ച്.ഒ മനോജ് മാത്യു, പ്രിൻസിപ്പൽ എസ്.ഐ എം.എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. മൊബൈൽ ഫോണുകളിൽ രണ്ടെണ്ണം എരുമേലി, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലെ കടകളിൽനിന്ന് കണ്ടെത്തി.