
തെലങ്കാന: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച എസ് യു വി കാർ ഇടിച്ച് നാല് സ്ത്രീകൾ മരിച്ചു. ഒൻപത് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തെലങ്കാനയിലെ കരിനഗറിലാണ് സംഭവം. വിദ്യാർത്ഥിയും സുഹൃത്തുക്കളും ബാഡ്മിന്റൺ കളിക്കാൻ പോകുന്നതിനിടെ ജംഗ്ഷനിലെത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചു മരണമടഞ്ഞു. വാഹനം അമിതവേഗതയിലായിരുന്നെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും പൊലീസ് അറിയിച്ചു.
കാർ ഉടമയായ വിദ്യാർത്ഥിയുടെ പിതാവിനെതിരെ പൊലീസ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ച ശേഷം അടുത്തുള്ള ഡ്രെയിനേജിൽ ഇടിച്ചാണ് കാർ നിന്നത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന പതിനാലുകാരനും രണ്ട് സുഹൃത്തുക്കൾക്കും കാര്യമായ പരിക്കുകളൊന്നും ഇല്ല. ഇതിനു മുമ്പും പതിനാലുകാരൻ ഇതേ റോഡിലൂടെ അമിതവേഗതയിൽ കാർ ഓടിച്ചിരുന്നെന്നും ഈ വിവരം പിതാവിന് അറിയാമായിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ദിവസകൂലി തൊഴിലാളികളാണ്.