sreej

ന്യൂഡൽഹി : ടോക്യോ ഒളിമ്പിക്സിൽ അതിഗംഭീരപ്രകടനത്തിലൂടെ ഇന്ത്യൻ ഹോക്കി ടീമിനെ വെങ്കലമെഡൽ ജേതാക്കളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് 2021ലെ വേൾഡ് ഗെയിംസ് അത്‌ലറ്റ് ഒഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കി.

ഇന്നലെ അവസാനിച്ച ഓൺലൈൻ വോട്ടിംഗിൽ 1,​27,647 വോട്ട് നേടിയാണ് ശ്രീജേഷ് പുരസ്കാരത്തിന് അർഹനായത്. രണ്ടാം സ്ഥാനം നേടിയ സ്പാനിഷ് സ്പോർട്ട് ക്ളൈംബിംഗ് താരം ആൽബർട്ട് ലോപ്പസിനെ ( 67,428 വോട്ട് ) ഇരട്ടിയോളം വോട്ടുകൾക്കാണ് ശ്രീജേഷ് പിന്നിലാക്കിയത്.

ലോകമെമ്പാടുമുള്ള 24 കായിക താരങ്ങളാണ് വോട്ടിംഗിന് ഉണ്ടായിരുന്നത്.

വേൾഡ് ഗെയിംസ് അത്‌ലറ്റ് ഒഫ് ദ ഇയർ പുരസ്കാരം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ കായിക താരമാണ് ശ്രീജേഷ്.

2019ൽ ഇന്ത്യൻ വനിതാ ഹോക്കി താരം റാണി രാംപാൽ ഈ പുരസ്കാരം നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 2021ലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയത് ശ്രീജേഷാണ്.

49 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സ് മെഡൽ നേടുന്ന മലയാളിയാണ് ശ്രീജേഷ്.

കഴിഞ്ഞ വർഷം ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.

എനിക്കായി വോട്ടുചെയ്ത എല്ലാവർക്കും നന്ദി. സച്ചിൻ ടെൻഡുൽക്കറെ പോലുള്ള ഇതിഹാസങ്ങളും ചലച്ചിത്രതാരങ്ങളും സാധാരണ കായികപ്രേമികളുമൊക്കെ വോട്ട് ചെയ്തശേഷം വിളിച്ചിരുന്നു.ഇത് ഇന്ത്യൻ ടീമിന്റെ വിജയമായാണ് കാണുന്നത്.

- പി.ആർ ശ്രീജേഷ്.