
കോട്ടയം: ഏറ്റുമാനൂർ പേരൂർ പുളിമൂട് കവലയിലെ എസ്.ബി.ഐ യോടു ചേർന്നുള്ള എ.ടി.എം കമ്പി കൊണ്ട് കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമം. ഇന്നലെ പുലർച്ചെ 2.37നാണ് സംഭവം. പുലർച്ചെ ഇതുവഴി വന്ന പത്രം വിതരണക്കാരനാണ് എ.ടി.എം കുത്തിപ്പൊളിച്ചിരിക്കുന്നതു കണ്ടത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ അറിയിച്ചു.
എ.ടി.എമ്മിന്റെ മുൻവശം ഭാഗികമായി തകർന്ന നിലയിലാണ്. നീല ടീ ഷർട്ടും തൊപ്പിയും മാസ്കും ധരിച്ച് തോളിൽ ബാഗും തൂക്കി എത്തിയ യുവാവ് കമ്പി ഉപയോഗിച്ച് മെഷീൻ തകർക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പണം ലഭിക്കാതെ വന്നതോടെ കൃത്യം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി. കൗണ്ടറിൽനിന്നു മണം പിടിച്ച പൊലീസ് നായ സമീപത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിലും പരിസരത്തും കറങ്ങി തിരികെയെത്തി.