
ന്യൂഡൽഹി: നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുമായി സഹകരിച്ച് പതഞ്ജലി ആയുർവേദയും പഞ്ചാബ് നാഷണൽ ബാങ്കും ചേർന്ന് കോ-ബ്രാൻഡഡ് കോണ്ടാക്ട്ലെസ് റൂപേ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. പി.എൻ.ബി റൂപേ പ്ളാറ്റിനം, സെലക്ട് എന്നിവയാണവ.
ഉപഭോക്താക്കൾക്ക് ഇവ ഉപയോഗിച്ച് സുഗമമായി പതഞ്ജലി ഉത്പന്നങ്ങൾ വാങ്ങാം. കാഷ്ബാക്ക്, ലോയാൽറ്റി പോയിന്റ്, ഇൻഷ്വറൻസ് തുടങ്ങി ആകർഷക ആനുകൂല്യങ്ങളും സ്വന്തമാക്കാം. 2,500 രൂപയ്ക്കുമേലുള്ള പർച്ചേസുകൾക്ക് രണ്ടുശതമാനമാണ് കാഷ്ബാക്ക് (പരമാവധി 50 രൂപ). ഇരു കാർഡുകൾക്കും വെൽകം ബോണസായി 300 റിവാർഡ് പോയിന്റുണ്ട്.
വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് പ്രവേശനം, പർച്ചേസുകൾക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങൾ, ഇ.എം.ഐ., ഓട്ടോ-ഡെബിറ്റ് സൗകര്യങ്ങൾ തുടങ്ങിയവയുമുണ്ട്. രണ്ടുലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസ്, പത്തുലക്ഷം രൂപയുടെ പേഴ്സണൽ ഡിസെബിലിറ്റി ഇൻഷ്വറൻസ് എന്നിവയുമുണ്ട്. 25,000 മുതൽ അഞ്ചുലക്ഷം രൂപവരെയാണ് പ്ളാറ്റിനം കാർഡിലെ ക്രെഡിറ്റ് പരിധി. സെലക്ടിൽ 50,000 മുതൽ 10 ലക്ഷം രൂപവരെ.
20 മുതൽ 50 ദിവസത്തേക്ക് പലിശരഹിതമായി പതഞ്ജലി ഉത്പന്നങ്ങൾ വാങ്ങാമെന്നതാണ് കാർഡിന്റെ നേട്ടമെന്ന് പതഞ്ജലി ആയുർവേദ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ കാർഡുകൾക്ക് കഴിയുമെന്ന് സ്വാമി രാംദേവ് പറഞ്ഞു.