
കൊച്ചി: പ്രൈം വോളിബോള്‍ ലീഗ് ടീമായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി. ചലച്ചിത്രതാരം ആന്റണി വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജേഴ്‌സി പുറത്തിറക്കിയത്. ബ്ലൂ സ്‌പൈക്കേഴ്‌സ് മുഖ്യ പരിശീലകന്‍ എം എച്ച് കുമാരയ്‌ക്കൊപ്പം ടീം അംഗങ്ങളായ കാര്‍ത്തിക് എ, ദീപേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ ജേഴ്‌സിയുമായി നില്‍ക്കുന്ന ചിത്രമാണ് ആന്റണി വര്‍ഗീസ് പങ്കുവെച്ചത്. ഫെബ്രുവരി 5-ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ മത്സരങ്ങള്‍ ആരംഭിക്കും.
കഴുത്തിനും കൈക്കും ചുറ്റും മഞ്ഞ സ്‌ട്രൈപ്പോട് കൂടിയ നീല നിറത്തിലുള്ള ജേഴ്‌സിയില്‍ ടീമിന്റെ ലോഗോ, കളിക്കാരുടെ പേര്, ജേഴ്‌സി നമ്പര്‍ എന്നിവയ്ക്ക് പുറമേ സ്‌പോണ്‍സര്‍മാരുടെ ലോഗോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൈം വോളിബോള്‍ ലീഗിലെ മത്സരങ്ങള്‍ ഹൈദരാബാദില്‍ ആരംഭിക്കാനിരിക്കെ അതുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് ടീം ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു. രാജ്യത്തെ വോളിബോള്‍ കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനും വിദേശ കളിക്കാരോടൊപ്പം കളിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള മികച്ച വേദിയാകും പ്രൈം വോളിബോള്‍ ലീഗെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീം തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.