t

കൊല്ലം: വിസ്മയ കേസ് പ്രതി കിരൺകുമാറിന്റെ പിതാവ് സദാശിവൻ പിള്ള കൂറുമാറി​യതായി​ വി​ചാരണക്കോടതി​ പ്രഖ്യാപി​ച്ചു. ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത് മുമ്പാകെ 11-ാം സാക്ഷിയായി വിസ്തരിക്കവെയാണ് പൊലീസിൽ നൽകിയ മൊഴി മാറ്റിപ്പറഞ്ഞത്.
സംഭവദിവസം രാത്രി 1.30 ഓടെ കിരണിന്റെ ശബ്ദം കേട്ട് അവരുടെ മുറിയിൽ എത്തിയപ്പോൾ കക്കൂസിന്റെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. വിളിച്ചിട്ട് കേൾക്കാത്തതിനാൽ കിരണുമായി ചേർന്ന് വാതിൽ തള്ളിത്തുറന്ന് കയറിയപ്പോൾ വിസ്മയ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. താനും കൂടി ചേർന്ന് താങ്ങി അഴിച്ച് തറയിൽ കിടത്തി. കിരൺ നെഞ്ചത്ത് ശക്തിയായി അമർത്തുകയും കൃത്രിമ ശ്വാസം കൊടുക്കുകയും ചെയ്തു. മൂക്കിൽവിരൽ വച്ചു നോക്കിയപ്പോൾ മരിച്ചെന്നു മനസിലായി. തലയിണയുടെ അടിയിൽ ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടു. പൊലീസിൽ അറിയിക്കേണ്ട കേസായതിനാൽ മൃതദേഹം അവിടെ കിടത്തിയിട്ട് ആത്മഹത്യാക്കുറിപ്പുമായി പൊലീസ് സ്റ്റേഷനിൽ പോയി. തിരികെ വന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് വിസ്മയയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും സദാശിവൻപിള്ള കോടതിയിൽ മൊഴി നൽകി.

സംഭവ ദിവസം വിസ്മയയും കിരണും തമ്മിൽ വഴക്കിട്ടെന്നും വിസ്മയയുടെ കഴുത്തിലെ കെട്ടഴിച്ച് കക്കൂസിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടതെന്നുമാണ് പൊലീസിന് സദാശിവൻപിള്ള കൊടുത്ത മൊഴി. ഇതിൽ നിന്നു വ്യത്യസ്തമായ കാര്യങ്ങൾ പറഞ്ഞതോടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുകയും കോടതി അനുവദിക്കുകയും ചെയ്തു.

വിസ്മയയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തെന്ന് കിരണിന്റെ വീട്ടുകാർ നേരത്തെ പറഞ്ഞിരുന്നില്ല. പൊലീസിന്റെ പക്കലും ഇങ്ങനെയൊരു ആത്മഹത്യാക്കുറിപ്പില്ല. ക്രോസ് വിസ്താരത്തിൽ ആത്മഹ്യാക്കുറിപ്പ് പൊലീസിൽ കൊടുത്തത് പ്രധാനപ്പെട്ട കാര്യമാണെന്ന് അറിയാമെന്നും അത് കോടതിയിൽ ഹാജരാക്കാത്തതു സംബന്ധിച്ച് യാതൊരു പരാതിയും ആർക്കും കൊടുത്തില്ലെന്നും മൊഴി നൽകി. മുൻ അഭിഭാഷകനോട് ആത്മഹത്യാക്കുറിപ്പുള്ള വിവരം പറഞ്ഞിരുന്നു. ഇത് മാദ്ധ്യമങ്ങളോട് പറഞ്ഞോ എന്ന ചോദ്യത്തിന് പേടി കാരണം പറഞ്ഞില്ല എന്നായിരുന്നു ഉത്തരം.

 'അന്നു പറഞ്ഞത് കള്ളം'

വിവിധ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ അന്ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായെന്നും മുറിയിലേക്ക് ചെല്ലുമ്പോൾ വിസ്മയയുടെ ശരീരം താഴെ കിടക്കുന്നതാണ് കണ്ടതെന്നുമുള്ള വിവരണങ്ങൾ കള്ളമായിരുന്നു എന്നാണ് സദാശിവൻ പിള്ള കോടതിയിൽ മൊഴി നൽകിയത്. താനുംകൂടി ചേർന്നാണ് വിസ്മയയുടെ ശരീരം കെട്ടഴിച്ച് കിടത്തിയതെന്നും ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നെന്നുമുള്ള കാര്യങ്ങൾ ആദ്യമായാണ് കോടതിയിൽ പറയുന്നതെന്നും ഇയാൾ മൊഴി നൽകി.