k-pop

ഭുവനേശ്വർ : ഇന്ത്യയിൽ നിന്നുള്ള ആദ്യ കെ - പോപ്പ് ( കൊറിയൻ പോപ്പ് ) താരമെന്ന നേട്ടത്തിനരികെ ഒഡീഷയിൽ നിന്നുള്ള ശ്രേയ ലെൻക എന്ന 18കാരി. ദക്ഷിണ കൊറിയൻ വനിതാ പോപ്പ് ഗ്രൂപ്പായ ' ബ്ലാക്ക്‌സ്വാനി"ലേക്ക് നടന്ന ഗ്ലോബൽ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഫൈനലിസ്റ്റുകളിൽ ഒരാൾ ശ്രേയ ആണ്. ബ്രസീലിന്റെ ഗബ്രിയേല ഡാൽസിനെ പരാജയപ്പെടുത്തിയാൽ ബ്ലാക്ക്‌സ്വാൻ ബാന്റിന്റെ അഞ്ചാമത്തെ അംഗമായി ശ്രേയ തിരഞ്ഞെടുക്കപ്പെടും. 2021 മേയിലാണ് ബ്ലാക്ക്‌സ്വാനിലേക്ക് ഒഴിവുള്ള ഒരംഗത്തിനായി ഓഡിഷൻ നടത്തുമെന്ന വിവരം മ്യൂസിക് ലേബലായ ഡി.ആർ മ്യൂസിക് അറിയിച്ചത്.

നർത്തകിയും യോഗ പരിശീലകയും കൂടിയാണ് ശ്രേയ. കെ - പോപ്പ് ഡാൻസ് കവറുകളും അവതരിപ്പിക്കാറുണ്ട്. ശ്രേയയും ഗബ്രിയേലയും ഒരു മാസം നീളുന്ന പരിശീലനത്തിനായി ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും അതിന് ശേഷം ഒരാളെ തിരഞ്ഞെടുക്കുമെന്നുമാണ് റിപ്പോർട്ട്. 2003ൽ റൂർക്കേലയിൽ ജനിച്ച ശ്രേയ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതവും ഒഡീസി ഉൾപ്പെടെയുള്ള നൃത്തരൂപങ്ങളും പഠിച്ചിട്ടുണ്ട്.