cpm-media-one

തിരുവനന്തപുരം: വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞ നടപടിയില്‍ കേന്ദ്രത്തിനെതിരെ വിമ‌ർശനവുമായി സി പി എം. ചാനലിന്റെ സംപ്രേഷണം നിർത്തി വച്ച നടപടി അപലപനീയവും പ്രതിഷേധാ‌ർഹവുമാണെന്നും മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട് വരുതിയിൽ നിർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നി‌ർദ്ദേശമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം മീഡിയാ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള‌ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി രണ്ട് ദിവസത്തേക്ക് സ്‌റ്റേ ചെയ്‌തു. കേന്ദ്ര നടപടിയ്‌ക്കെതിരെ ചാനൽ കോടതിയെ സമീപിക്കുകയായിരുന്നു. ജസ്‌റ്റിസ് എൻ.നഗരേഷിന്റെതാണ് ഇടക്കാല ഉത്തരവ്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് കേന്ദ്ര നടപടിയുണ്ടായതെന്ന് മീഡിയാ വൺ എഡിറ്റർ പ്രമോദ് രാമൻ പ്രതികരിച്ചിരുന്നു.

കേന്ദ്ര നടപടിയെ തുടർന്ന് അഞ്ച് മണിക്കൂറോളമാണ് ചാനൽ സംപ്രേഷണം നിലച്ചത്. ചാനലിന്റെ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. എന്നാൽ സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടാൻ പാടില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു. മതിയായ കാരണങ്ങളുണ്ടെന്ന കേന്ദ്ര വാദത്തിൽ ആ കാരണങ്ങൾ കൃത്യമായി കോടതിയെ അറിയിക്കണമെന്ന് സൂചിപ്പിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.