
ഒരാളുടെ നില ഗുരുതരം
ആലങ്ങാട്: മാഞ്ഞാലി മാട്ടുപുറത്ത് കഞ്ചാവു മാഫിയ സംഘമെന്ന് സംശയിക്കപ്പെടുന്ന അക്രമികൾ വീട്ടിൽ കയറി സഹോദരങ്ങളെ വെട്ടിപരിക്കേൽപ്പിച്ചു. ഒരാളുടെ നില ഗുരുതരം. മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് കുഞ്ഞുമൊയ്തീന്റെ മക്കളായ ഷാനവാസ് (40), നവാസ് (38) എന്നിവർക്കാണ് വേട്ടേറ്റത്.
ശനിയാഴ്ച രാത്രി 10.30ന് രണ്ടു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഷാനവാസിനെ ലക്ഷ്യമിട്ട് എത്തിയ സംഘം ആളു മാറി വീടിനു സമീപം നിൽക്കുകയായിരുന്ന നവാസിനെയാണ് ആദ്യം ആക്രമിച്ചത്. ഇരുമ്പു വടികൊണ്ട് അടിച്ചു വീഴ്ത്തിയശേഷം വടിവാൾ കൊണ്ട് വെട്ടി. ആളുമാറിയെന്നു മനസിലായപ്പോൾ നവാസിനെ വിട്ട് വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കയറിയ സംഘം ഹാളിലും അടുക്കളയിലുമിട്ട് ഷാനവാസിനെ അടിച്ചും വെട്ടിയും പരിക്കേൽപ്പിച്ചു. തലക്കും കഴുത്തിനും കൈക്കും വെട്ടേറ്റിട്ടുണ്ട്.
ഗുണ്ടാ സംഘം വാതിൽ വെട്ടിപ്പൊളിക്കുന്നതു കണ്ട ഷാനവാസ് ഭാര്യയെയും മക്കളെയും ബാത്ത്റൂമിൽ അടച്ചിട്ടതിനാൽ അവർ രക്ഷപ്പെട്ടു. വീട്ടിലെ ഉപകരണങ്ങളും അക്രമിസംഘം നശിപ്പിച്ചു. ബഹളം കേട്ട് അയൻവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു.
അയൽവാസികളാണ് ഷാനവാസിനെയും നവാസിനെയും ആശുപത്രിയിലാക്കിയത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച ഷാനവാസിന്റെ നില ഗുരുതരമാണ്. നവാസിനെ പറവൂരിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് തെളിവെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
വർഷങ്ങളായി ഗൾഫിൽ ഡ്രൈവറായി ജോലി നോക്കുന്ന ഷാനവാസ് രണ്ട് മാസമായി ലീവിൽ നാട്ടിലെത്തിയിട്ട്. നാളെ മടങ്ങാൻ ഇരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം മന്നത്തെ ഹോട്ടലിൽ വച്ച് ഗുണ്ടാ സംഘത്തിൽപ്പെട്ടവരും ഹോട്ടലുടമയും തമ്മിലുണ്ടായ വാക്കേറ്റത്തിൽ ഹോട്ടലുടമയുടെ ഭാഗത്തു നിന്ന് സംസാരിച്ചതിന്റെ വൈരാഗ്യമാകാം ആക്രമണത്തിനു കാരണമെന്നു പൊലീസ് പറയുന്നു. കഞ്ചാവുമാഫിയാ സംഘത്തിൽപ്പെട്ടവരെയാണ് സംശയിക്കുന്നത്.