pr-sreejesh

ന്യൂഡൽഹി: ദേശീയ ഹോക്കി ടീം ഗോൾകീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷിന് വേൾഡ് ഗെയിംസ് അത്ലറ്റ് ഒഫ് ദ ഇയർ പുരസ്കാരം. കഴിഞ്ഞ വർഷം രാജ്യാന്തര രംഗത്ത് കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തി പൊതുജന വോട്ടിംഗിലൂടെയാണ് ശ്രീജേഷിന് പുരസ്കാരം ലഭിച്ചത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കായികതാരമാണ് ശ്രീജേഷ്. ദേശീയ വനിതാ ഹോക്കി ക്യാപ്ടനായ റാണി റാംപാലാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ കായികതാരം.

വോട്ടിംഗ് പാതിവഴിയിൽ എത്തിയപ്പോൾ തന്നെ ശ്രീജേഷ് മറ്റ് എതിരാളികളേക്കാളും ബഹുദൂരം മുന്നിലെത്തിയിരുന്നു. ഇന്നലെ അന്തിമ കണക്കെടുപ്പ് നടത്തിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ സ്പെയിനിലെ ക്ലൈമ്പിംഗ് താരം ആൽബർട്ടോ നെസ് ലോപസ് നേടിയതിന്റെ ഇരട്ടിയിലേറെ വോട്ടുകൾ ശ്രീജേഷ് സ്വന്തമാക്കിയിരുന്നു. ഇറ്റലിയുടെ വുഷു താരം മിഷേൽ ജിയോ‌ർദാനോയ്ക്കാണ് മൂന്നാം സ്ഥാനം.

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ നിര്‍ണായകമായത് ശ്രീജേഷ് ഗോള്‍ പോസ്റ്റിന് കീഴിൽ നടത്തിയ പ്രകടനമായിരുന്നു. 1980ന് ശേഷം ആദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടിയത്. ജര്‍മനിക്കെതിരായ വെങ്കല മെഡൽ മത്സരത്തിൽ കളി അവസാനിക്കാൻ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ മികച്ചൊരു സേവുമായി ശ്രീജേഷ് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.