
ബംഗളൂരു: വാഹനങ്ങളുമായുള്ള ചിലരുടെ ബന്ധങ്ങൾ അതിതീവ്രമാണ്. ചെറുപ്പം മുതൽ ഓടിച്ചുതഴമ്പിച്ച വാഹനങ്ങൾ അതിനിയെത്ര പഴകിയാലും കൈവിട്ടുകളയാൻ ഇത്തരക്കാർക്ക് വലിയ മടിയാണ്. എത്രകൂടിയ വില നൽകാമെന്ന് പറഞ്ഞാലും ഇവർ ആ വാഹനം കൈവിടാൻ തയ്യാറാകില്ല. അപ്പോൾ ആ വാഹനം മോഷണം പോയാലോ? എത്ര വർഷം വേണമെങ്കിലും ഇവർ ആ വാഹനത്തിന് വേണ്ടി അന്വേഷിച്ചു കൊണ്ടേയിരിക്കും. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ബംഗളൂരുവിൽ.
25 വർഷം മുമ്പ് കളവ് പോയ തന്റെ പിതാവിന്റെ 1971 മോഡൽ ബുള്ളറ്റ് നീണ്ട 15 വർഷത്തെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയിരിക്കുകയാണ് ബംഗളൂരു സ്വദേശിയായ സോഫ്ട്‌വെയർ എൻജിനീയർ അരുൺ ശ്രീനിവാസൻ. അരുണിന്റെ പിതാവ് എൻ ശ്രീനിവാസൻ 1971ൽ മണിപാലിലെ ഒരു സ്വകാര്യ ബാങ്കിൽ ഓഫീസറായി ജോലി നോക്കുമ്പോഴായിരുന്നു ഈ ബൈക്ക് വാങ്ങിച്ചത്. പിൽക്കാലത്ത് അവിടെനിന്നും സ്ഥലം മാറിയപ്പോൾ തന്റെ ഒരു സുഹൃത്തിന് പൊന്ന് പോലെ നോക്കിയിരുന്ന ബൈക്ക് അദ്ദേഹം വിറ്റു. കുറച്ചു വർഷങ്ങൾക്ക് ശേഷം ആ ബൈക്ക് തിരിച്ചുവാങ്ങാം എന്ന് കരുതി സുഹൃത്തിനെ സമീപിച്ചപ്പോൾ 1996ൽ ബൈക്ക് കളവ് പോയതായി സുഹൃത്ത് അറിയിച്ചു.
തുടർന്ന് 2006ൽ തന്റെ 23ാം വയസിൽ അരുൺ പിതാവിന്റെ ബൈക്ക് അന്വേഷിച്ച് കണ്ടെത്താൻ തീരുമാനിച്ചു. ലോക്കൽ മാർക്കറ്റിലും വർക്ക്‌ഷോപ്പുകളിലും സെക്കൻഡ് ഹാൻഡ് മാർക്കറ്റുകളിലും ഈ വാഹനം അന്വേഷിച്ച് അലഞ്ഞെങ്കിലും കണ്ടെത്താൻ അരുണിന് സാധിച്ചില്ല. എങ്കിലും അന്വേഷണം തുടർന്നുകൊണ്ടെയിരുന്നു.
ഒടുവിൽ 2021ൽ കർണാടകയുടെ സംസ്ഥാന വാഹന വകുപ്പ് തങ്ങളുടെ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയതതോടെ അരുണിന് പുതിയൊരു കച്ചിതുരുമ്പ് ലഭിച്ചു. കേന്ദ്രസർക്കാരിന്റെ പരിവാഹൻ വാഹന ആപ്പിൽ കയറി പഴയ ബൈക്കിന്റെ നമ്പർ അടിച്ചു നോക്കിയ അരുണിന് അതേ നമ്പറിലുള്ള ഒരു ബുള്ളറ്റിന്റെ പുതുക്കിയ ഇൻഷുറൻസ് പേപ്പറിന്റെ രേഖകൾ കണ്ടെത്താൻ സാധിച്ചു. എം വൈ എച്ച് 1731 എന്നതായിരുന്നു ബൈക്കിന്റെ നമ്പർ. രേഖകളിലെ വിവരങ്ങൾ വച്ച് ഉടമയെ അന്വേഷിച്ച് ഇറങ്ങിയ അരുൺ മൈസൂറിലുള്ള ടി നരസിപുര എന്ന കർഷകനെ കണ്ടെത്തി. അദ്ദേഹത്തിന്റെ പക്കലായിരുന്നു ബൈക്ക് ഉണ്ടായിരുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഒരു സെക്കൻഡ് ഹാൻഡ് ബൈക്ക് ഷോറൂമിൽ നിന്നും നരസിപുര വാങ്ങിച്ച വാഹനമായിരുന്നു അത്. കളവ് പോയതും വിവിധ കേസുകളിൽ ഉൾപ്പെട്ടതുമായ വാഹനങ്ങൾ ലേലം ചെയ്ത കർണാടക പൊലീസിന്റെ പക്കൽ നിന്നുമായിരുന്നു അവർ ഈ ബൈക്ക് വാങ്ങിച്ചത്. ഇത് തന്റെ പിതാവിന്റെ ബൈക്ക് തന്നെയാണെന്ന് മനസിലാക്കിയ അരുൺ ചോദിക്കുന്ന വില കൊടുത്ത് വാഹനം സ്വന്തമാക്കാൻ തയ്യാറായിരുന്നു, എന്നാൽ തന്റെ പ്രിയ വാഹനം വിട്ടുനൽകാൻ നരസിപുരയ്ക്ക് സാധിക്കുമായിരുന്നില്ല. ഒടുവിൽ ദീഘനാളത്തെ സംഭാഷണങ്ങൾക്ക് ശേഷം ബൈക്ക് വിട്ടുനൽകാൻ നരസിപുര സമ്മതിക്കുകയായിരുന്നു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബൈക്കായിരുന്നു ഇതെന്നും ഇനി ഇത് തിരിച്ചുകിട്ടില്ലെന്നായിരുന്നു കരുതിയതെന്നും ശ്രീനിവാസൻ പറഞ്ഞു.