vava

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള‌ള വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ ചെറിയ പുരോഗതി. വാവയുടെ ഹൃദയത്തിന്റെ പ്രവർത്തനം സാധാരണപോലെയായിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. എന്നാൽ തലച്ചോറിലേക്ക് രക്തം എത്താൻ തടസമുണ്ടെന്നും അതിനാൽ അപകട നില തരണംചെയ്‌തെന്ന് പറയാറായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

വരുന്ന അഞ്ച് മണിക്കൂ‌ർ നിർണായകമാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് കോട്ടയം കുറിച്ചിയിൽ കരിങ്കൽകെട്ടിൽ ഇരുന്ന മൂർഖനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ വാവയ്‌ക്ക് കടിയേ‌റ്റത്. കാൽമുട്ടിന് മുകളിലാണ് പാമ്പ് കടിച്ചത്. കടിയേറ്റെങ്കിലും പാമ്പിനെ ഭദ്രമായി ചാക്കിലാക്കിയ ശേഷമാണ് വാവ ആശുപത്രിയിലേക്ക് പോയത്. ആദ്യം സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ നില വൈകാതെ ഗുരുതരമാകുകയായിരുന്നു.

വാവ സുരേഷിന്റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ് അദ്ദേഹം. വാവ സുരേഷിന്റെ ആരോഗ്യവിവരങ്ങൾ ആശുപത്രി സൂപ്രണ്ടിനോട് മന്ത്രി ചോദിച്ചറിഞ്ഞു.

മുൻപ് 2013ലും 2020ലും പാമ്പുകടിയേറ്റ് വാവ സുരേഷ് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. വാവയെ ചികിത്സിക്കാൻ പ്രത്യേക ടീമിനെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.