mamata-jagdeep

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗ്‌ദീപ് ദൻഖറും തമ്മിലുള്ള പോര് മുറുകുന്നു. തന്റെ സ‌ർക്കാരിനെതിരെ നിരന്തരം അനാവശ്യ വിമ‌ശർനങ്ങൾ ഉയ‌ർത്തുന്ന ഗവർണറിന്റെ ട്വീറ്റുകൾ തനിക്ക് കാണേണ്ട എന്ന് കാണിച്ച് മമത ബാനർജി ഗവർണറിനെ ട്വിറ്ററിൽ ബ്ളോക്ക് ചെയ്തു. എന്നാൽ തിരിച്ചടിച്ച ഗവ‌ർണർ ഭരണഘടനപ്രകാരം സംസ്ഥാന സ‌ർക്കാരിന്റെ ദൈനംദിന പ്രവ‌ത്തനങ്ങൾ അറിയാനുള്ള ഗവർണറുടെ അവകാശത്തെ തടയാൻ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ചു. ബംഗാൾ സ‌ർക്കാരിന്റെ പ്രവ‌ർത്തനങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കഴിഞ്ഞ രണ്ട് വർഷത്തോളമായി തന്നെ അറിയിക്കാറില്ലെന്നും ഗവർണ‌ർ സൂചിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു ബംഗാൾ സർക്കാരിനോടും മുഖ്യമന്ത്രിയോടുമുള്ള ഗവ‌ർണറുടെ രോഷപ്രകടനം.

അതേസമയം ഗവർണർ പലപ്പോഴും അനാവശ്യമായാണ് തന്റെ സ‌ർക്കാരിനെ വിമ‌ർശിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുൾപ്പെടെ പലപ്പോഴായി പരാതിപ്പെട്ടിട്ടും ജഗ്‌ദീപ് ദൻഖറെ ഗവർണർ സ്ഥാനത്ത് നിന്നും തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും മമത ബാനർജി പറഞ്ഞു. ഗവർണർ പലപ്പോഴും ബംഗാൾ ചീഫ് സെക്രട്ടറിയേയും ഡി ജി പിയേയും വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.

ബംഗാളിൽ കുറച്ചുനാളുകളായി സ‌ർക്കാരും ഗവർണറും രണ്ട് ചേരിയിലാണ്. ഞായറാഴ്ച ഗവർണർ ചെയ്ത പുതിയ ട്വീറ്റാണ് മമതയുടെ നിലവിലെ രോഷപ്രകടനത്തിന് കാരണമെന്ന് കരുതുന്നു. ബംഗാളിൽ ജനാധിപത്യം ഗ്യാസ് ചേംബറിൽ കിടന്ന് ശ്വാസം മുട്ടുന്ന അവസ്ഥയിലാണെന്നും മനുഷ്യാവകാശ ധ്വംസനങ്ങൾ സംസ്ഥാനത്ത് തുടർകഥയാണെന്നും ഗവർണർ ജഗ്‌ദീപ് ദൻഖർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.