ogbeche

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി താരമെന്ന റെക്കാ‌ഡ് ഇനി ഹൈദരാബാദ് എഫ് സി സ്ട്രൈക്കർ ബർത്തലോമാവ് ഒഗ്ബച്ചെയ്ക്ക്. 70 മത്സരങ്ങളിൽ നിന്നുമായി 49 ഗോളുകളാണ് ഈ മുൻ കേരളാ ബ്ളാസ്റ്റേഴ്സ് താരം സ്വന്തമാക്കിയത്. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെയാണ് ഒഗ്ബച്ചെ ഐ എസ് എല്ലിലെ മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്.

കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിലും സ്കോർ ചെയ്ത ഒഗ്ബച്ചെ ഹൈദരാബാദിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കാഡും സ്വന്തമാക്കിയിരുന്നു. ഹൈദരാബാദിന് വേണ്ടി ഇതുവരെയായി 14 ഗോളുകളാണ് ഒഗ്‌ബച്ചെ അടിച്ചത്. ഇതിന് മുമ്പ് കളിച്ച ടീമുകളായ നോർത്ത് ഈസ്റ്റിന്റെയും കേരളാ ബ്ളാസ്റ്റേഴ്സിന്റെയും ടോപ് സ്കോറർ കൂടിയാണ് ഒഗ്ബച്ചെ. നോർത്ത് ഈസ്റ്റിനു വേണ്ടി 12 ഗോളും ബ്ളാസ്റ്റേഴ്സിനു വേണ്ടി 15 ഗോളുകളും ഒഗ്ബച്ചെ അടിച്ചിട്ടുണ്ട്.