
കൊച്ചി: ടാറ്റാ ഗ്രൂപ്പിനു കീഴിലെ വിമാനക്കമ്പനികളായ വിസ്താര എയർലൈൻസും എയർ ഇന്ത്യയും തമ്മിലെ ലയനം ഉടനുണ്ടാവില്ല. 
ലയനം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നും വിസ്താരയുടെ പ്രവർത്തനങ്ങളെ ബാധിക്കാത്തവിധം എയർ ഇന്ത്യയെ ലാഭത്തിലേക്ക് ഉയർത്താനുള്ള നടപടികളാണ് ടാറ്റാ ഗ്രൂപ്പ് സ്വീകരിക്കുന്നതെന്നും ടാറ്റാ എസ്.ഐ.എ എയർലൈൻസ് ചെയർമാൻ ഭാസ്കർ ഭട്ട് പറഞ്ഞു.
ടാറ്റാ ഗ്രൂപ്പ്, സിംഗപ്പൂർ എയർലൈൻസ് (എസ്. ഐ.എ) എന്നിവയുടെ സംയുക്ത സംരംഭമായ ടാറ്റ എസ്.ഐ.എ എയർലൈൻസിന്റെ നിയന്ത്രണത്തിലാണ് വിസ്താര എയർലൈൻസ്. ടാറ്റയ്ക്ക് 51 ശതമാനവും എസ്.ഐ.എയ്ക്ക് 49 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. കഴിഞ്ഞവാരമാണ് ടാറ്റാ ഗ്രൂപ്പിന് കേന്ദ്രസർക്കാർ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കൈമാറിയത്. എയർ ഏഷ്യ ഇന്ത്യ വിമാനക്കമ്പനിയിലും ടാറ്റയ്ക്ക് മേജർ ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം, എയർ ഇന്ത്യയുടെ ഉപകമ്പനിയായ ബഡ്ജറ്റ് എയർലൈനർ എയർ ഇന്ത്യ എക്സ്പ്രസിനെയും എയർ ഏഷ്യ ഇന്ത്യയെയും ഒരേ കുടക്കീഴിൽ കൊണ്ടുവരാൻ ടാറ്റ ശ്രമിച്ചേക്കും. ബഡ്ജറ്റ് ശ്രേണിയിൽ ഇവയുടെ നിരക്കുകൾ ഏകീകരിക്കാനായിരിക്കും ശ്രമം.