 
മലപ്പുറം: കൊവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിൽ ഒരുവർഷത്തിനിടെ റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയത് 5.9 കോടി രൂപ. 26,814 കേസുകളിലായാണിത്. ജില്ലാ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ കണക്ക് പ്രകാരം 2020നേക്കാൾ കൂടുതലാണിത്. ഇതിൽ പകുതിയിലധികം കേസുകളുടെ പിഴത്തുക ഇനിയും ഒടുക്കിയിട്ടില്ല.
2020ൽ കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം അത്യാവശ്യ വാഹനങ്ങളേ നിരത്തിൽ ഇറങ്ങിയിരുന്നുള്ളു. 10,079 കേസുകളിലായി 1.15 കോടിയാണ് 2020ലെ പിഴത്തുക. എന്നാൽ കഴിഞ്ഞ വർഷം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ റോഡുകൾ വീണ്ടും സജീവമായി. ഇതോടെ നിയമലംഘനങ്ങളുടെ തോതും വർദ്ധിച്ചു.
ഹെൽമറ്റ് ധരിക്കാത്തതിനാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പിഴ ചുമത്തിയിട്ടുള്ളത്. 10,302 കേസുകൾ രജിസ്റ്റർ ചെയ്തു. ഇൻഷ്വറൻസില്ലാതെ വാഹനം നിരത്തിലിറക്കൽ, വാഹനങ്ങളിലെ രൂപമാറ്റം, ലൈസൻസില്ലാതെ വാഹനമോടിക്കൽ, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം ആളുകൾ സഞ്ചരിക്കൽ തുടങ്ങി 85 നിയമലംഘനങ്ങൾക്കാണ് ആർ.ടി.ഒ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വലിയ വില കൊടുക്കേണ്ടി വരും
ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നവർക്ക് 500 രൂപയാണ് പിഴത്തുക. ഇൻഷ്വറൻസ് പുതുക്കാതെ നിരത്തിൽ വാഹനമോടിച്ചാൽ 2,000 രൂപ പിഴയായി നൽകണം. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ ഓടിച്ചയാളും വാഹന ഉടമസ്ഥനും 5,000 വീതം പിഴയൊടുക്കണം. വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാലും 5,000 രൂപയാണ് പിഴയായി ഒടുക്കേണ്ടത്.
2021ൽ രജിസ്റ്റർ ചെയ്ത പ്രധാന കേസുകൾ - പിഴയിനം
ഹെൽമറ്റില്ലാത്തതിന് - 10,302
ഇൻഷുറൻസില്ലാത്തതിന് - 4,380
കൂളിംഗ് ഫിലിം ഒട്ടിക്കൽ - 2,375
ലൈസൻസില്ലാത്തത് - 2,001
പൊല്യൂഷൻ രേഖയില്ലാത്ത് - 245
സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് - 1,581
പിഴകളിങ്ങനെ
ആകെ ചുമത്തിയ പിഴ - 53,997,324
പിഴയൊടുക്കിയത് - 27,009,707
ഇനിയും ബാക്കിയുള്ളത് - 26,987,617
2020ൽ വാഹനങ്ങൾ നിരത്തിലിറങ്ങാത്തതിനാൽ കേസുകൾ കുറവായിരുന്നു. എന്നാൽ റോഡുകൾ സജീവമായതോടെ കേസുകളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്.
മലപ്പുറം എൻഫോഴ്സ്‌മെന്റ് അധികൃതർ