
തിരൂരങ്ങാടി: നായയോ മറ്റോ കടിച്ചാൽ പേവിഷ പ്രതിരോധത്തിന് നൽകേണ്ട ആന്റി റാബീസ് സിറം ഇല്ലാതെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി. ആശുപത്രിയിലെത്തുന്നവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതാണ് നിലവിലെ രീതി. തെരുവുനായ്ക്കൾക്ക് പുറമേ വളർത്തുനായയുടെയോ വളർത്ത് പൂച്ചയുടെയോ കടിയേറ്റാൽ പോലും ആന്റി റാബീസ് സിറം ഒരു ഡോസ് കുത്തിവയ്ക്കണം. ശേഷം നാല് ഡോസ് ഇൻട്രാ ഡെർമിൽ റാബീസ് വാക്സിൻ(ഐ.ഡി.ആർ.വി) കുത്തിവയ്ക്കണം. എന്നാൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐ.ഡി.ആർ.വി നൽകുന്നുണ്ടെങ്കിലും ആന്റി റാബീസ് സിറം ഇവിടെ നൽകുന്നില്ല. എല്ലാ സൗകര്യങ്ങളും നിലവിലുള്ള തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ആന്റി റാബീസ് സിറം മരുന്ന് നൽകാനുള്ള സംവിധാനം അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തരമായി ഉണ്ടാവണമെന്ന് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് കളത്തിങ്ങൽപാറ അധികാരികൾക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.