kerala

മലപ്പുറം: ചീക്കോട് സ്വദേശിയായ അറുപതുകാരൻ മുഹമ്മദലിയുടെ ആറ് മക്കളും 60 ശതമാനത്തിന് മുകളിൽ മാനസിക വെല്ലുവിളി നേരിടുന്നവരാണ്. എല്ലാത്തിനും പരസഹായം വേണമെന്നതിനാൽ മുഹമ്മദലിയും ഭാര്യയും സദാസമയവും കൂടെയുണ്ട്. കൂലിപ്പണിക്കാരനായ മുഹമ്മദലിക്ക് ജോലിക്കും പോവാനാവുന്നില്ല. മക്കളുടെ മരുന്നിന് മാത്രം മാസം 12,000 രൂപയാവും. നാട്ടുകാരുടെ സഹായത്താലാണ് പിടിച്ചുനിൽക്കുന്നത്. സാമൂഹ്യ സുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതിയിലൂടെ മാസം 1,​200 രൂപ കിട്ടിയിരുന്നത് മുടങ്ങിയിട്ട് 16 മാസമായി. 2020 സെപ്തംബർ മുതലുള്ള ധനസഹായം കുടിശികയാണ്. 2020 ആഗസ്റ്റിലെ വിഹിതം ലഭിച്ചത് 2021 ഡിസംബറിലും.

പദ്ധതിയുടെ ഗുണഭോക്താക്കളായ 95,​152 പേരുടെയും അവസ്ഥ ഇതാണ്. ചികിത്സയ്ക്കും മരുന്നിനുമായി കാത്തിരിക്കുന്നവർ ധനസഹായം മുടങ്ങിയതോടെ ദുരിതത്തിലാണ്.

മാനസിക വെല്ലുവിളി നേരിടുന്നവർ,​ കിടപ്പ് രോഗികൾ,​ ഭിന്നശേഷിക്കാർ എന്നിവരെ പരിചരിക്കുന്നവർക്ക് മാസം 600 രൂപ ലഭ്യമാക്കുന്ന പദ്ധതി 2010ലാണ് തുടങ്ങിയത്. മുഹമ്മദലിയുടെ ആറ് മക്കളിൽ രണ്ടുപേർ പട്ടികയിൽ ഇടംപിടിച്ചതോടെ മുഹമ്മദലിക്കും ഭാര്യയ്ക്കും 600 രൂപ വീതം ലഭിച്ചിരുന്നു.

സർക്കാർ ഫണ്ട് അപര്യാപ്തമാണെന്നതാണ് കുടിശികയ്‌ക്ക് കാരണമായി സാമൂഹ്യ സുരക്ഷാ മിഷൻ അധികൃതർ പറയുന്നത്. കുടിശിക തീർക്കാൻ 85.63 കോടി രൂപ ലഭിക്കണം. ബഡ്ജറ്റിൽ വകയിരുത്തിയത് 40 കോടിയും. 2010ൽ പദ്ധതിക്ക് തുടക്കമിട്ടപ്പോൾ കിടപ്പുരോഗികളെയാണ് ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് മാനസിക വെല്ലുവിളി നേരിടുന്നവരെയും ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി. അതിന് ആനുപാതികമായി തുക വർദ്ധിപ്പിച്ചില്ല.

50,​000 അപേക്ഷകൾ

കെട്ടിക്കിടക്കുന്നു

2018 മാർച്ച് വരെയുള്ള അപേക്ഷകളാണ് തീർപ്പാക്കിയത്. ഇതിനുശേഷം ലഭിച്ച അരലക്ഷത്തോളം അപേക്ഷകളിൽ നടപടിയെടുത്തിട്ടില്ല.