vvvvvvvvvvvvvv

പൊന്നാനി: കടലിൽ മത്സ്യബന്ധനത്തിനിടെ അപകടങ്ങൾ പതിവാകുമ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തൊഴിലാളികൾക്ക് മടി. ലൈഫ് ജാക്കറ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും കർശനമാക്കുമ്പോഴും ഇതെല്ലാം ഉപയോഗിക്കുന്നത് പകുതിയോളം പേർ മാത്രം. രജിസ്‌ട്രേഷനില്ലാതെ കടലിലിറങ്ങുന്ന യാനങ്ങളുടെ എണ്ണവും നിരവധിയാണ്. ഇത്തരത്തിൽ ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ മത്സ്യബന്ധനത്തിനിറങ്ങുന്നവരുടെ വിവരങ്ങൾ അധികൃതരുടെ കൈയിലില്ലാത്തത് അപകടങ്ങളെത്തുടർന്നുണ്ടാകുന്ന രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുകയാണ്.

അതേസമയം മത്സ്യബന്ധനത്തിനിറങ്ങുന്ന യാനങ്ങളുടെ ശരിയായ വിവരങ്ങൾ ഫിഷറീസ് വകുപ്പിന്റെ പക്കലുമില്ല. പലപ്പോഴും അപകടവിവരം ബന്ധുക്കളെത്തി പറഞ്ഞാലേ ഫിഷറീസ് വകുപ്പ് അറിയുന്നുള്ളൂ. തൊഴിലാളികളുടെ പേര് വിവരങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പിന്റെ കൈയിലില്ലാത്തതിനാൽ നാട്ടുകാരിൽ നിന്നാണ് പലപ്പോഴും പേര് വിവരങ്ങൾ ശേഖരിക്കുന്നത്.

കടലിലിറങ്ങുകയും തിരിച്ചെത്തുകയും ചെയ്യുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പോലും പൊന്നാനി ഹാർബറിൽ സംവിധാനമില്ല. ഫിഷറീസ് വകുപ്പിന്റെ കടലിലെ പട്രോളിഗും പേരിന് മാത്രമാണ് .രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടും യഥാസമയം എത്താൻ കഴിയാത്ത സ്ഥിതിയിലാണ്.

ബോട്ടുകളിൽ പോലും ലൈഫ് ജാക്കറ്റ് ധരിക്കാതെയാണ് മീൻപിടിത്തത്തിനായി തൊഴിലാളികൾ ഇറങ്ങുന്നത്. പേരിന് ലൈഫ് ജാക്കറ്റ് യാനങ്ങളിൽ കരുതുമെങ്കിലും മത്സ്യബന്ധന സമയത്ത് ഭൂരിഭാഗം പേരും ഇത് ഉപയോഗിക്കുന്നില്ലെന്നതാണ് വസ്തുത.

വയർലെസ് സംവിധാനം ചെറിയ വള്ളങ്ങളിലില്ലാത്തതിനാൽ അപകടം അറിയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട വള്ളത്തിലുള്ളവർക്കും വയർലെസ് സംവിധാനമില്ലാത്തതാണ് രക്ഷാപ്രവർത്തനത്തിന് തടസമായത്. അപകടങ്ങളുണ്ടാകുമ്പോൾ സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്ന അധികൃതർ പിന്നീട് ഇവയെല്ലാം മറക്കുന്ന സ്ഥിതിയാണ്.