fffff

മലപ്പുറം: പരിശോധനകൾ ശക്തമാക്കുമ്പോഴും ജില്ലയിലേക്കുള്ള ലഹരി ഒഴുക്കിന് വലിയ കുറവില്ല. 2021ൽ എക്സൈസ് വകുപ്പ് മാത്രം 927.95 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പൊലീസ് പിടികൂടിയ കണക്ക് കൂടി ചേ‌ർ‌ക്കുന്നതോടെ ഇത് ഇരട്ടിയിലധികമാവും. മിക്ക മാസങ്ങളിലും എക്സൈസ് വകുപ്പ് 50നും 100 കിലോഗ്രാമിനും ഇടയിൽ കഞ്ചാവ് പിടിക്കുന്നുണ്ട്. ആഗസ്റ്റിലാണ് ഏറ്റവും കൂടുതൽ പിടിച്ചത്- 213.2 കിലോഗ്രാം.

സിന്തറ്റിക് ലഹരിയുടെ ഉപയോഗം യുവാക്കൾക്കിടയിൽ വർദ്ധിക്കുമ്പോഴും പിടികൂടുന്ന ലഹരി താരതമ്യേന കുറവാണ്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ എളുപ്പത്തിൽ കൊണ്ടുപോവാനും കൈമാറ്റം ചെയ്യാനും കഴിയുമെന്നതാണ് സിന്തറ്റിക് ലഹരി പിടികൂടുന്നതിലെ വെല്ലുവിളി. പലപ്പോഴും ലഹരി മാഫിയകൾക്കിടയിലെ പോരും ഒറ്റലുമാണ് വിവരങ്ങൾ ചോരാനിടയാക്കുന്നത്. മറ്റിടങ്ങളിൽ സ്കൂളുകളിൽ സ്റ്റാമ്പ് പോലുള്ള സിന്തറ്റിക് ലഹരികൾ പിടികൂടുമ്പോൾ ആറ് മാസത്തോളമായി ജില്ലയിൽ ഇത്തരം സംഭവങ്ങൾ റിപ്പോ‌ർട്ട് ചെയ്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ് അധികൃതർ പറയുന്നു. അതേസമയം പ്രൊഫഷണൽ കോളേജുകളും മറ്റ് കലാലയങ്ങളും കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിന് തടയിടാനായിട്ടില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് സിന്തറ്റിക് ലഹരിയുടെ കാരിയർമാർ. കോഴിക്കോട് ജില്ലയോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ജില്ലയിൽ ലഹരി മൊത്ത വിൽപ്പനക്കാ‌ർ കൂടുതലായുമുള്ളത്. പരപ്പനങ്ങാടി മേഖലയിലടക്കം എക്സൈസ് അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പിന്റെ

ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസുകൾ വേണ്ട വിധത്തിൽ നടത്താനാവുന്നില്ല.

സിന്തറ്റിക്കിൽ അലിഞ്ഞ്

മറ്റ് ലഹരികളെ അപേക്ഷിച്ച് സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നവരെ അത്ര പെട്ടെന്ന് തിരിച്ചറിയാനാവില്ലെന്നതും കൂടിയ ലഹരിയും യുവതലമുറയെ ഇതിലേക്ക് ആക‌ർഷിക്കുന്നുണ്ട്. ഒരുവർഷത്തിനിടെ 273.065 ഗ്രാം എം.ഡി.എം.എ ആണ് ജില്ലയിൽ പിടികൂടിയത്. 396.28 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. എൽ.എസ്.ഡി, ബ്രൗൺ ഷുഗർ, ചരസ്, ഹെറോയിൻ അടക്കമുള്ളവയും പിടികൂടിയ പട്ടികയിലുണ്ട്. 5,104 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടികൂടിയിട്ടുണ്ട്. പിടികൂടുന്ന സിന്തറ്റിക് ലഹരിയുടെ പലയിരട്ടി കടത്തപ്പെടുന്നുണ്ടെങ്കിലും ഇതിന് തടയിടുക ഒട്ടും എളുപ്പമല്ലെന്നതാണ് എക്സൈസ്, പൊലീസ് വകുപ്പുകൾ നേരിടുന്ന വെല്ലുവിളി.

മാസം - എൻ.ഡി.പി.എസ് കേസ് - പിടികൂടിയ കഞ്ചാവ് (കിലോ)

ജനുവരി- 32 - 68.78

ഫെബ്രുവരി - 24 - 17.21

മാർച്ച് - 32 - 7.416

ഏപ്രിൽ - 23 - 186.5

മേയ് - 19 - 1.189

ജൂൺ - 31 - 133.06

ജൂലായ് - 36 - 68.02

ആഗസ്റ്റ് - 28 - 213.2

സെപ്തംബർ - 27 - 197

ഒക്ടോബർ - 24 - 28.104

നവംബർ - 13 - 3.684

ഡിസംബർ - 15 - 4.9

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ ബോധവത്കരണങ്ങൾ നടത്തും. ലഹരിക്കെതിരായ സന്ദേശമേകുന്നതിന് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് പഞ്ചായത്ത് തലത്തിൽ ഫുട്ബാൾ മത്സരങ്ങൾ നടത്തും.

എസ്.ഉണ്ണിക്കൃഷ്ണൻ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ‌