fffff

മലപ്പുറം: കൊവിഡ് വാക്സിന്റെ രണ്ടാംഡോസ് എടുക്കുന്നതിൽ തുടരുന്ന മടി കുട്ടികളുടെ വാക്സിനേഷൻ വേഗത്തിലാക്കുന്നതിന് തടസമാവുന്നു. കൊവിഡും ഒമിക്രോണും വർദ്ധിക്കുമ്പോഴും ഫസ്റ്റ് ഡോസെടുത്ത 28 ശതമാനത്തോളം പേർ സമയമായിട്ടും രണ്ടാം ഡോസെടുത്തിട്ടില്ല. ഇവർക്കായി സൗകര്യങ്ങൾ മാറ്റിവയ്ക്കേണ്ടതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൗമാരക്കാർക്ക് കൂടുതൽ അവസരമേകാനാവുന്നില്ല. രണ്ടാം ഡോസിനായി സൗകര്യങ്ങളൊരുക്കി കാത്തിരിക്കുമ്പോഴും മിക്ക സെന്ററുകളിലും നിരാശയാണ് ഫലം. ഒറ്റ ദിവസവും പ്രതീക്ഷിച്ച എണ്ണം കൈവരിക്കാനാവുന്നില്ല. രണ്ട് ഡോസ് വാക്‌സിനുമെടുത്തവർക്ക് കൊവിഡ് വന്നാലും രോഗം ഗുരുതരമാവുന്നില്ല. നേരത്തെ സംസ്ഥാനത്ത് ഗുരുതര രോഗികളുടെ എണ്ണത്തിൽ മുന്നിലായിരുന്ന ജില്ല ഈനില തരണം ചെയ്തതും വാക്‌സിനേഷനിലൂടെയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തി ബോധവത്ക്കരണം നടത്തുമ്പോഴും രണ്ടാം ഡോസിൽ വേണ്ട വിധത്തിൽ മുന്നേറാനാവുന്നില്ല.

വേഗത്തിലാക്കും വാക്സിനേഷൻ

ജില്ലയിൽ 15നും 18നും ഇടയിൽ 2,​41,​212 പേരാണുള്ളത്. രണ്ടാഴ്ച കൊണ്ട് ആദ്യ ഡോസ് വിതരണം പൂർത്തിയാക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ആദ്യദിവസം വാക്സിനേഷന് എത്തുന്നവരുടെ എണ്ണം കുറവായിരുന്നെങ്കിൽ ഇന്നലെ 4,​000 പേർ വാക്സിനെടുത്തു. ഇതോടെ വാക്സിനെടുത്ത കൗമാരക്കാരുടെ എണ്ണം 7,​269 ആയി. വാക്സിനേഷൻ വേഗത്തിലാക്കുന്നതിന് വെള്ളി,​ ശനി,​ ഞായർ ദിവസങ്ങളിൽ പ്രത്യേക ക്യാമ്പയിൻ നടത്തും.

വാക്സിൻ ഇഷ്ടം പോലെ

ജില്ലയിൽ ആവശ്യത്തിന് വാക്സിൻ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാണ്. മൂന്നര ലക്ഷം കൊവിഷീൽഡ് സ്റ്റോക്കുള്ളപ്പോൾ ഇതിന് പുറമെ ഇന്നലെ രണ്ട് ലക്ഷം ഡോസും കൂടി എത്തിയിട്ടുണ്ട്. 70,​000ത്തോളം ഡോസ് കോ-വാക്സിനുമുണ്ട്. നേരത്തെ വാക്സിൻ ലഭ്യത വെല്ലുവിളിയായിരുന്നെങ്കിൽ ഇപ്പോൾ യഥേഷ്ടമുണ്ട്.

രണ്ടാംഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാനായാൽ കൗമാരക്കാരുടെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധയും സൗകര്യങ്ങളും ഒരുക്കാനാവും. ഇപ്പോൾ രണ്ടാം ഡോസ് തിരക്കില്ലാതെ എടുക്കാൻ കഴിയുന്ന സാഹചര്യമുണ്ട്. കൗമാരക്കാരുടെ വാക്സിനേഷൻ കൂട്ടുന്നതോടെ ഈ സ്ഥിതി മാറും.

ഡോ.പ്രവീണ,​ വാക്‌സിനേഷൻ കോ-ഓർഡിനേറ്റർ,​ ഡെപ്യൂട്ടി ഡി.എം.ഒ