 
നിലമ്പൂർ: നഗരസഭയിൽ വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്‌കരണത്തിനായി സ്ഥാപിച്ച എയറോബിക് ബിൻ യൂണിറ്റുകൾ നോക്കുകുത്തി. ആശുപത്രിക്കുന്ന് ഡിവിഷനിൽ കനോലി പ്ലോട്ടിനോട് ചേർന്നാണ് 16 മാസം മുൻപ് എയറോബിക് ബിൻ യൂണിറ്റുകൾ നിർമ്മിച്ചത്. ഇതോട് ചേർന്ന് നിർമ്മിച്ച ശൗചാലയവും പ്രവർത്തനം തുടങ്ങിയിട്ടില്ല.
ഗവ. അക്രഡിറ്റഡ് സ്ഥാപനമായ സോഷ്യോ എക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷനാണ് 3.10 ലക്ഷം ചെലവിൽ കമ്പോസ്റ്റിംഗ് യൂണിറ്റ് നിർമ്മിച്ചത്. 35 ശതമാനം കേന്ദ്രവിഹിതവും 25.3 ശതമാനം സംസ്ഥാനവിഹിതവും 41.7 ശതമാനം നഗരസഭാ വിഹിതവുമാണ്. ഫെറോസിമന്റ് ടെക്‌നോളജിയിൽ നിർമ്മിച്ച സിമന്റ് പാനലുകളിൽ നീളം , വീതി, പൊക്കം എന്നിവ തുല്യമായ അറകളോടുകൂടി രണ്ടു ബിന്നുകളുള്ള രണ്ട് യൂണിറ്റാണ് ഇവിടെ നിർമ്മിച്ചത്. നഗരസഭാ പരിധിയിലെ ജൈവ മാലിന്യം സംസ്‌കരിക്കാൻ കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലയളവിലാണ് പദ്ധതി നടപ്പാക്കിയത്. 45 മുതൽ 90 ദിവസത്തിനുള്ളിൽ മാലിന്യം വളമാവും. ഒരു ബിന്നിൽ ആയിരം കിലോ വരെ മാലിന്യം നിക്ഷേപിക്കാം. കമ്പോസ്റ്റിംഗ് യൂണിറ്റും വഴിയാത്രക്കാർക്കുള്ള സൗകര്യങ്ങൾക്കായി കെട്ടിടവും നിർമ്മിച്ചതല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല.വൈദ്യുതിയും വെള്ളവുമെത്തിക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും ഇല്ലാതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചതെന്നാണ് നിലവിലെ ഭരണസമിതി പറയുന്നത്.
പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വെള്ളമെത്തിച്ച് ശൗചാലയം ഉടൻതുറന്നു കൊടുക്കാനുള്ള നടപടികളെടുക്കും
കക്കാടൻ റഹീം , നഗരസഭ ആരോഗ്യകാര്യ
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ