
മലപ്പുറം: ഇടുക്കി എൻജിനിയറിംഗ് കോളേജിലെ കൊലപാതകത്തിൽ ഖേദമുണ്ടെന്നും അതിന്റെ പേരിൽ അക്രമങ്ങൾ പരിധി വിട്ടാൽ പ്രതികരിക്കേണ്ടിവരുമെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിൽ സംഘർഷമുണ്ടായപ്പോൾ പൊലീസിന് പ്രശ്നം പരിഹരിക്കാനായില്ലെന്നത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. സംഭവത്തിൽ പൊലീസിന്റെ ഏത് അന്വേഷണവും സ്വാഗതം ചെയ്യും. എന്നാൽ കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കുന്നത് ശരിയല്ല. കെ-റെയിൽ മോദി-പിണറായി പദ്ധതിയാണ്. മോദിയുടെ അനുമതിയോടെയാണ് പദ്ധതി നടപ്പാക്കാൻ പോകുന്നത്. പദ്ധതിയുടെ കമ്മിഷൻ ഇരുകൂട്ടരും വീതം വയ്ക്കുമെന്നും അദ്ദേഹം ആരോപിച്ചു.