
മലപ്പുറം : സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെ വിമർശിച്ചെന്ന വിവാദത്തെ തുടർന്ന് ഫേസ് ബുക്കിൽ വിശദീകരണവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. തിങ്കളാഴ്ച വാഴക്കാട് സി.എച്ച് സ്മാരക അവാർഡ് ചടങ്ങിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളെടുത്ത് അബ്ദുസമദ് പൂക്കോട്ടൂരിനുള്ള മറുപടിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ്. അബ്ദുസമദ് പൂക്കോട്ടൂരിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ നേരിട്ട് പറയാനുള്ള സൗഹൃദവും സ്വാതന്ത്ര്യവുമുണ്ട്. നിലപാടിൽ കൃത്യതയും വ്യക്തതയുമുള്ള നേതാവാണ് അബ്ദുസമദ് പൂക്കോട്ടൂർ. സമുദായ ഐക്യം തകർക്കുന്ന കുറിയിൽ നറുക്കെടുക്കാൻ താത്പര്യമില്ലെന്നും ഷാജി ഫേസ് ബുക്കിൽ കുറിച്ചു.
സി.പി.എമ്മിനെ വെള്ളപൂശലാണ് ചിലരുടെ പണിയെന്നും മതനേതാക്കന്മാർ കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകാർ മതവും വിശദീകരിക്കേണ്ടതില്ലെന്നും സി.എച്ച്. സ്മാരക അവാർഡ് ചടങ്ങിൽ പ്രസംഗിക്കവേ കെ.എം. ഷാജി പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.