hhhhhhhhh

മലപ്പുറം: ഇങ്ങനെ പോയാൽ കൗമാരക്കാരുടെ വാക്സിനേഷനും മുതിർന്നവരുടെ രണ്ടാംഡോസ് പോലെ ഇഴയും. വാക്സിനേഷൻ തുടങ്ങി രണ്ടാഴ്ച ആവാറാവുമ്പോൾ 26 ശതമാനം കൗമാരക്കാർ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുത്തത്. കുട്ടികളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിലെ രക്ഷിതാക്കളുടെ വിമുഖതയാണ് ഇതിന് കാരണം. ജില്ലയിൽ 15നും 18നും ഇടയിൽ 2,​41,​212 പേരാണുള്ളത്. ജനുവരി മൂന്നിനാണ് ജില്ലയിൽ വാക്‌സിനേഷൻ തുടങ്ങിയത്. രണ്ടാഴ്ച കൊണ്ട് ആദ്യ ഡോസ് വിതരണം പൂർത്തിയാക്കാനായിരുന്നു ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതുവരെ 65,000ത്തോളം പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്.

സ്‌കൂളുകളിലെത്തി വാക്സിനേഷൻ ചെയ്യുന്നതിനുള്ള ഉത്തരവ് സർക്കാർ ഇറക്കിയിട്ടില്ല. ആരോഗ്യ വകുപ്പിന്റെ കേന്ദ്രങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്ന രീതിയാണിപ്പോൾ. അതത് വാക്സിനേഷൻ കേന്ദ്രങ്ങളുടെ പരിധിയിലുള്ള സ്കൂളുകളിലെ പ്രിൻസിപ്പൽ, പി.ടി.എ ഭാരവാഹികളെ ആരോഗ്യവകുപ്പ് അധികൃതർ ബന്ധപ്പെട്ട് ഓരോ സ്‌കൂളിനും പ്രത്യേക ദിവസം അനുവദിക്കും. കൂടുതൽ കുട്ടികളുള്ള സ്‌കൂളുകളിൽ ക്ലാസ് അടിസ്ഥാനത്തിലും പ്രത്യേക ദിവസമേകുന്നുണ്ട്. കുട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനാൽ ഇവർക്കായി കൂടുതൽ സൗകര്യങ്ങളുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ വേണം. സ്‌കൂളുകളിലെത്തി വാക്സിനേഷൻ ചെയ്യുന്നതാണ് കൂടുതൽ എളുപ്പമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഒരുക്കി കാത്തിരിക്കും,​ എന്നിട്ടും

മുതിർന്നവർക്കുള്ള കൊവിഡ് വാക്സിനേഷനൊപ്പം കൊവിഡ് ഇതര വാക്സിനേഷനുകളും നടത്തേണ്ടതുണ്ട്. ഈ തിരക്കുകൾക്കിടയിലാണ് കൗമാരക്കാർക്കായി കൊവിഡ് വാക്സിനേഷനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. ആഴ്ചയിലെ അവധി പോലുമെടുക്കാതെ ജോലി ചെയ്യുന്ന ജീവനക്കാർ നിരവധിയുണ്ട്. ഐ.എം.എ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ എന്നിവരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും എത്തേണ്ട കൗമാരക്കാരുടെ നാലിലൊന്ന് പോലും എത്താതിരിക്കുമ്പോൾ ഒരുക്കിയ സംവിധാനങ്ങൾ വെറുതെയാവുകയാണ്. കൂടുതൽ കുട്ടികളും രക്ഷിതാക്കളും എത്തിയാൽ വേഗത്തിൽ വാക്സിനേഷൻ തീർക്കാനാവും. അവധി ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ കൗമാരക്കാർക്കുള്ള വാക്സിനേഷൻ സൗകര്യമൊരുക്കുന്നതും ഈ ലക്ഷ്യത്തിന് വേണ്ടിയാണ്.


ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ

മഞ്ചേരി മെഡിക്കൽ കോളേജ് , പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികൾ, മലപ്പുറം താലൂക്ക് ആശുപത്രി, ചാലിയാർ, കുറ്റിപ്പുറം, എടയൂർ, മൂർക്കനാട്, പാങ്ങ്, നന്നംമുക്ക് , ഓടക്കയം, വാഴക്കാട്, ഊരകം , താനൂർ, വേങ്ങര, കണ്ണമംഗലം, എ.ആർ.നഗർ, പെരുവള്ളൂർ, പുറത്തൂർ സി.എച്ച്.സികളിലും കൗമാരക്കാർക്ക് വാക്സിനേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

വാക്സിൻ യഥേഷ്ടം

കോവിഷീൽഡ് - 4,41920

കോ വാക്സിൻ - 1,16,​000

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കേണ്ടതുണ്ട്. തിരക്കുകളില്ലാതെ വാക്സിനേഷൻ പൂർത്തിയാക്കാൻ ഓരോ കേന്ദ്രങ്ങളിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണം

ഡോ.പ്രവീണ,​ ഡെപ്യൂട്ടി ഡി.എം.ഒ,​ വാക്സിനേഷൻ കോ ഓർഡിനേറ്റർ