football

മലപ്പുറം: കാൽപ്പന്ത് മൈതാനങ്ങളെ നെഞ്ചേറ്റിയ പ്രതിഭ, ആരാധകരുടെ സ്വന്തം 'റിക്ഷാവാല", ഒട്ടനവധി വിശേഷണങ്ങളുമായാണ് മലപ്പുറം അബ്ദുൾ അസീസെന്ന ഫുട്ബാൾ മാന്ത്രികൻ ഓർമ്മയാകുന്നത്. പന്തുകൾ കൃത്യമായി സ്ട്രൈക്കർമാരിലെത്തിക്കുന്ന വേഗമാർന്ന പ്രകടനമാണ് മദ്ധ്യനിരക്കാരനായ അസീസിനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആരാധകർ അദ്ദേഹത്തെ 'റിക്ഷാവാല" എന്ന് വിളിക്കുന്നത്.

പ്രതിഭ തിളക്കത്തിൽ ഇന്ത്യൻ ടീമിൽ കളിക്കാനായി അവസരം ലഭിച്ചിട്ടും മടി കാരണം അബ്ദുൾ അസീസ് പോയില്ല. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് സിയാഹുൾ ഹഖ് ടെലഗ്രാം സന്ദേശമയച്ച് ക്ഷണിച്ചിട്ടും തീരുമാനം മാറ്റിയില്ല.1969ൽ മൈസൂരിനായി ആദ്യമായി സന്തോഷ് ട്രോഫി കളിച്ചു. തുടർന്ന് ബംഗാളുമായുള്ള കളിയിൽ വിജയത്തിന്റെ കടിഞ്ഞാൺ അസീസിന്റെ മാന്ത്രിക കാലുകളിലായിരുന്നു.

പിന്നീട് സർവീസസ്, മഹാരാഷ്ട്ര ടീമുകൾക്ക് വേണ്ടിയും കളിച്ചു. 1974 മുതൽ മുഹമ്മദൻസ് ടീമിലെത്തിയ അസീസ് അവിടെയും നിരവധി നേട്ടങ്ങൾക്കർഹനായി. 1981ലാണ് മുഹമ്മദൻസ് കൊൽക്കത്ത ലീഗിൽ കിരീടം നേടിയത്. മുഹമ്മദൻസിൽ നിന്ന് അസീസ് പടിയിറങ്ങിയ ശേഷം ടീം പിന്നീട് കിരീടം കണ്ടിട്ടില്ല. തുടർന്ന് മിൽസ് ബോംബെ ടീമിലേക്കെത്തി. അവിടെയും കിരീട കൊയ്‌ത്ത് തുടർന്നു. എയർലൈൻ കപ്പ്, ഡി.സി.എം ട്രോഫി, ഹെർവുഡ് ലീഗ്, മധുര, എസ്.എൻ കിരീടം തുടങ്ങിയവയെല്ലാം അസീസ് നേടിക്കൊടുത്തു.