
കാലിക്കറ്റ് സർവകലാശാലയിൽ ഉയർന്ന വിദ്യാഭാസ യോഗ്യതകൾക്കൊന്നും യാതൊരുവിധ പരിഗണനയുമില്ല. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം,ബോംബെ ഐ.ഐ.ടിയിൽ നിന്ന് പി.എച്ച്.ഡി,കേംബ്രിഡ്ജ് സ്കോളേഴ്സിൽ നിന്നുള്ള പ്രബന്ധങ്ങൾ, ഇതെല്ലാമാണ് എന്റെ യോഗ്യത. ഇതെല്ലാം ഹാജരാക്കിയിട്ടും അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനം ലഭിച്ചിട്ടില്ല. പ്രാഥമിക ലിസ്റ്റ് പോലും തയ്യാറാക്കാതെയാണ് അഭിമുഖത്തിനുള്ള ഉദ്യോഗാർത്ഥികളെ വിളിച്ചിരുന്നത്. ഇത്രപോലും യോഗ്യതയില്ലാത്തവർ തസ്തികയിൽ കയറിപറ്റി. നിയമനത്തിനായി ഇഫ്ളു സർവകലാശാലയടക്കം എന്നെ പരിഗണിച്ചിട്ടും കാലിക്കറ്റ് സർവകലാശാല അപേക്ഷ പരിഗണിച്ചിട്ടില്ല. വിദേശ സർവകലാശാലയിൽ നിന്നുള്ള യോഗ്യതകളുണ്ടായിട്ടും കാലിക്കറ്റ് സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് സമർപ്പിച്ച അപേക്ഷ പരിഗണിക്കാതെ പോയ ഉദ്യോഗാർത്ഥിയുടെ സങ്കടത്തോടെയുള്ള വാക്കുകളാണിത്.
കാലിക്കറ്റിൽ വർഷങ്ങളായി പരിഹരിച്ചിട്ടില്ലാത്ത നിരവധി പ്രശ്നങ്ങൾക്കിടയിലേക്കാണ് പുതിയ വിവാദങ്ങൾ തിരികൊളുത്തുന്നത്. അദ്ധ്യാപക തസ്തികകളിൽ യോഗ്യതയുള്ളവരെ പരിഗണിക്കാതെ സർവകലാശാലയ്ക്ക് പ്രത്യേകം താത്പര്യമുള്ളവരെ നിയമിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത് കേരളത്തിലെ സർവകലാശാലകളിൽ ആദ്യമായിട്ടൊന്നുമല്ല. കാലിക്കറ്റിലെ പരീക്ഷ സംവിധാനത്തെ ചൊല്ലി നിരവധി പ്രശ്നങ്ങൾ പലപ്പോഴും ഉയർന്ന് വരാറുണ്ടെങ്കിലും ഇപ്പോൾ തുടർച്ചയായി കാലിക്കറ്റിനെതിരെ വരുന്ന ആരോപണങ്ങളെല്ലാം നിയമന വിഷയത്തെക്കുറിച്ചാണ്. 2018ലെ യു.ജി.സി മാനദണ്ഡത്തിൽ മാറ്റം വരുത്തിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം അസ്ഥാനത്താണെന്നും സർവകലാശാലയ്ക്ക് ഒരിക്കൽപ്പോലും തെറ്റ് പറ്റിയിട്ടില്ലെന്നുമുള്ള നിലപാടിലുറച്ച് നിൽക്കുകയാണ് സർവകലാശാല വൈസ് ചാൻസലർ. വിദ്യാർത്ഥികളുടെ സെമസ്റ്റർ ചോദ്യപേപ്പറുകൾ കോളേജുകൾക്ക് ഓൺലൈനായി നൽകുന്നതിലാണ് മറ്റു പരാതികൾ. വിദൂര വിദ്യാഭാസ സംവിധാനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും പരീക്ഷാസംബന്ധമായ പ്രശ്നങ്ങളിൽ പരിഹാരങ്ങൾക്കായി സമരമുഖത്താണ്.
അദ്ധ്യാപക നിയമനത്തിൽ
ആര് കുരുങ്ങും ?
അസിസ്റ്റന്റ് പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ,പ്രൊഫസർ എന്നീ തസ്തികകളിലേക്കുള്ള നിയമനങ്ങളെ ചൊല്ലിയാണ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.റഷീദ് അഹമ്മദ് ആരോപണമുന്നയിച്ചത്. 2018ലെ യു.ജി.സി മാനദണ്ഡത്തിൽ സർവകലാശാല സ്വയം മാറ്റം വരുത്തിയെന്നും ഇത് സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കമാണെന്നുമാണ് പ്രധാന ആരോപണം. 2018ലെ മാനദണ്ഡത്തിൽ സർവകലാശാല പ്രത്യേക നിബന്ധനകൾ കൂട്ടിച്ചേർത്തുവെന്നാണ് ഡോ.റഷീദ് അഹമ്മദ് പറയുന്നത്. ഇതിനെച്ചൊല്ലി സർവകലാശാല വൈസ് ചാൻസലർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ റഷീദ് അഹമ്മദ് ഉന്നയിച്ച ആരോപണങ്ങളെ പൂർണമായും വി.സി തള്ളുകയായിരുന്നു. ഉന്നയിച്ച ആരോപണങ്ങൾ അസ്ഥാനത്താണെന്നും നിലവിൽ നിയമനത്തിനായി അഭിമുഖം നടത്തുന്നത് 2018ലെ മാനദണ്ഡമനുസരിച്ചാണെന്നും കാലിക്കറ്റ് വി.സി പ്രൊഫസർ എം.കെ ജയരാജ് പറഞ്ഞു. നിയമന മാനദണ്ഡത്തിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല. എന്നാൽ വി.സി നടത്തുന്നത് വലിയ ഒളിച്ചു കളിയാണെന്നാണ് റഷീദ് അഹമ്മദ് പറയുന്നത്. മാറ്റം വരുത്തിയതിന്റെ തെളിവുകളടക്കം കൈയിലുണ്ട്. വൈസ് ചാൻസലർ തന്നെ ഇതിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോവാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
വരുത്തിയ മാറ്റങ്ങൾ
2018ലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്കടക്കം പ്രബന്ധങ്ങൾക്കും മറ്റും നിശ്ചിത മാർക്കുകൾ നിശ്ചയിച്ചിട്ടില്ല. 2019ലായിരുന്നു സർവകലാശാല നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചിരുന്നത്. 2020 ഫെബ്രുവരി പതിനഞ്ചായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 2021 ഫെബ്രുവരി 19ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ പുതിയ സെലക്ഷൻ മാനദണ്ഡങ്ങൾ വൈസ് ചാൻസലർ അവതരിപ്പിക്കുകയായിരുന്നുവെന്നും റഷീദ് അഹമ്മദ് പറയുന്നു. പ്രബന്ധങ്ങൾക്കും മറ്റു വിവിധ അക്കാദമിക് പേപ്പറുകൾക്കുമെല്ലാം പോയിന്റടിസ്ഥാനത്തിൽ മാർക്കുകൾ നൽകുന്ന തീരുമാനമാണ് സിൻഡിക്കേറ്റ് യോഗത്തിൽ കൈക്കൊണ്ടത്. ഒരു പോയിന്റ് മുതൽ 50 പോയിന്റ് വരെ നാല് മാർക്കും,51 പോയിന്റ് മുതൽ 100 വരെ ആറ് മാർക്കും എന്നുള്ള രീതിയിലേക്ക് മാറ്റുകയായിരുന്നു. ഇത്തരത്തിൽ മാറ്റം വരുത്തിയതോടെ ഒരു പോയിന്റ് ലഭിച്ചയാൾക്കും 50 പോയിന്റ് ലഭിച്ചയാൾക്കും നാല് മാർക്കെന്നതിലേക്ക് ചുരുങ്ങി. ഇത് വലിയ അന്തരമാണ് മാർക്കിൽ സൃഷ്ടിക്കുന്നത്. സർവകലാശാലയ്ക്ക് ഇത്തരത്തിൽ മാറ്റം വരുത്താമെങ്കിലും അപേക്ഷിക്കാനുള്ള നോട്ടിഫിക്കേഷൻ ഇറക്കിയതിന് ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് സുപ്രീം കോടതി ലംഘനമാണ്. ഇതിനെതിരെയാണ് ഡോ.റഷീദ് അഹമ്മദ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇത്തരത്തിൽ വിവാദങ്ങൾ അരങ്ങേറുമ്പോഴും അദ്ധ്യാപക തസ്തികകളിലേക്ക് നിയമനത്തിനായുള്ള അഭിമുഖം സർവകലാശാലയിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. വിവാദ ശബ്ദങ്ങൾ നിലയ്‌ക്കുമ്പോഴേക്കും എല്ലാ നിയമനങ്ങളും ഒരു പക്ഷേ അവസാനിച്ചേക്കാം. ( നടന്നു കഴിഞ്ഞേക്കാം )
പാഠപുസ്തകമില്ല പക്ഷെ,പരീക്ഷയുണ്ട്
വിദൂര വിദ്യാഭാസ സംവിധാനത്തിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നിരവധി കാലമായി അവഗണന നേരിടുന്നുണ്ട്. വിദൂര വിദ്യാഭ്യാസത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റിന്റെ മൂല്യത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ ഒരുപാട് കാലമായി നടന്നു കൊണ്ടിരിക്കുന്നതാണ്. ശാശ്വതമായ പരിഹാരം ഇപ്പോഴും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. നിലവിൽ അഞ്ചാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇൗ മാസം 27ന് പരീക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അഞ്ചാം സെമസ്റ്ററിന്റെ പാഠപുസ്തകങ്ങൾ ഇതേ വരെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. ഇതിനെ ചൊല്ലി സർവകലാശാലയിൽ വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു. പാഠപുസ്തകങ്ങൾക്കുള്ള പണമെല്ലാം വിദ്യാർത്ഥികൾ നൽകിയിട്ടും പഠിക്കാൻ പുസ്തകം സമയത്തിന് കിട്ടാത്തതെല്ലാം ആരോട് പറയാനാണ്. എന്തായാലും പരീക്ഷയുണ്ട്. വിദ്യാർത്ഥികൾ അവർക്കിഷ്ടമുള്ളതെല്ലാം എഴുതട്ടെ..
ചോദ്യപേപ്പറൊക്കെ
ഓൺലൈനായില്ലേ...
ബിരുദ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ കോളേജുകളിലേക്ക് ഓൺലൈനായി അയക്കാനുള്ള സർവകലാശാല തീരുമാനത്തിനെതിരെയാണ് ഏറ്റവുമൊടുവിൽ പരാതി ഉയർന്നിരിക്കുന്നത്. മുൻപ് പി.ജി പരീക്ഷകൾക്ക് ഓൺലൈനായി ചോദ്യപേപ്പർ അയയ്ക്കുന്ന രീതി നടപ്പാക്കിയിരുന്നു. എന്നാൽ വിവിധ വിഷയങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കുള്ള ചോദ്യപേപ്പറുകൾ ഓൺലൈനായി നൽകുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്നും ഇത്രയും ചോദ്യപേപ്പറുകൾ പ്രിന്റ് എടുക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ എല്ലാ കോളേജുകളിലും ഇല്ലെന്നുമാണ് ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. പരീക്ഷയ്‌ക്ക് തൊട്ടുമുൻപായി ഇത്രയും ചോദ്യപേപ്പറുകൾ പ്രിന്റ് ചെയ്യുന്നത് ചോദ്യപേപ്പറുകൾ ചോരാൻ കാരണമാകുമെന്ന വാദങ്ങളും ഉയർന്നിട്ടുണ്ട്. മാത്രവുമല്ല, ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുമാണ്. ഇതിനെതിരെ എയ്ഡഡ് കോളേജ് പ്രിൻസിപ്പൽമാർ കഴിഞ്ഞ ദിവസം ചാൻസലർക്ക് പരാതി നൽകിയിരുന്നു. അതേസമയം ഇത്തരം തീരുമാനങ്ങളെടുത്തത് കോളേജുകളോടും മറ്റു ബന്ധപ്പെട്ടവരോടും കൂടിയാലോചനകൾ ഇല്ലാതെയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
വിവാദങ്ങളും പരാതികളുമായി സർവകലാശാല പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എത്ര സമരങ്ങൾ കണ്ടിട്ടും പരാതികളുന്നയിച്ചിട്ടും സർവകലാശാലയ്ക്ക് ഒരു മാറ്റവുമില്ല. പഠനകാലം മുഴുവൻ വിദ്യാർത്ഥികൾ നേരിടുന്നത് വിവിധ ആശങ്കകളാണ്. അദ്ധ്യാപക നിയമനങ്ങളിൽ പോലും വിവാദങ്ങളും ആരോപണങ്ങളും മുളച്ച് പൊങ്ങുമ്പോൾ കേരളത്തിലെ സർവകലാശാലകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും. വിദേശ സർവകലാശാലകളോട് കിടപിടിക്കുന്ന സാഹചര്യങ്ങൾ ഇവിടെയുള്ള സർവകലാശാലകളിലും ഒരുങ്ങണമെങ്കിൽ ഇത്തരം വിവാദങ്ങളും പരാതികളും എന്നന്നേക്കുമായി പരിഹരിച്ചേ മതിയാവൂ.