
മലപ്പുറം: പോക്സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളോട് അടിയന്തര റിപ്പോർട്ട് തേടി. മാദ്ധ്യമ വാർത്തകളെ തുടർന്ന് ബാലവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയാ കേസെടുത്തു. പെൺകുട്ടിയെ സർക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ആരും സഹായിച്ചില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ മാതാവ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് വേണമെന്ന് ഫറോക്ക് പൊലീസിനോട് ജില്ലാ ചൈൽഡ്ലൈൻ പ്രൊട്ടക്ഷൻ ഓഫീസറും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഴ് മാസം മുമ്പ് നടന്ന കൂട്ടബലാത്സംഘത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളുൾപ്പെടെ ആറ് പേരെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുകൾ പോക്സോ കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ ദിവസം പെൺകുട്ടി തേഞ്ഞിപ്പലത്തെ വാടക വീട്ടിൽ ആത്മഹത്യ ചെയ്തത്.