
മലപ്പുറം: ജില്ലയിൽ ശനിയാഴ്ച 2431 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. ആകെ 8,287 സാമ്പിളുകളാണ് പരിശോധിച്ചത്. 2,344 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 72 കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. 15 പേർക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. കൊവിഡ് മൂലം മരണപ്പെട്ട ജില്ലക്കാരുടെ ബന്ധുക്കൾ ഡെത്ത് ഡിക്ലറേഷൻ ഡോക്യൂമെന്റിനായി ജനുവരി 24, 25 തിയതികളിൽ രാവിലെ 10 മുതൽ 12 വരെയും, ഉച്ചക്ക് രണ്ട് മുതൽ നാല് മണി വരെയും ജില്ലാ മെഡിക്കൽ ഓഫീസിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് അപ്പോയിൻമെന്റ് എടുക്കണം. സംസ്ഥാന സർക്കാരിന്റെ കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെട്ടതും എന്നാൽ കൊവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യൂമെന്റ് (ഡി.ഡി.ഡി) ഇതുവരെ ലഭിക്കാത്തതുമായ കേസുകളാണ് പരിഗണിക്കുക.
അപ്പോയിൻമെന്റ് എടുക്കുന്നവരുടെ ശ്രദ്ധക്ക്
* സംസ്ഥാന സർക്കാരിന്റ് കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെട്ടവരായിരിക്കണം
* വിളിക്കുമ്പോൾ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് (ഡി.ഡി.ഡി) നൽകണം
* സംസ്ഥാന സർക്കാറിന്റെ കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനും ഡെത്ത് ഡിക്ലറേഷൻ ഡോക്യൂമെന്റ് നമ്പർ ലഭിക്കുന്നതിനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക. പട്ടികയിൽ ഇതുവരെയും ഉൾപ്പെടാത്തവർ അക്ഷയ കേന്ദ്രം വഴി അപ്പീൽ സമർപ്പിക്കണം.
ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റിലെ തിരുത്തലിന്
* ജില്ല മെഡിക്കൽ ഓഫീസിലെ 0483 2733261 എന്ന നമ്പറിൽ ജനുവരി 24, 25 തിയതികളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെയുള്ള സമയത്തിനുള്ളിൽ വിളിച്ച് അപ്പോയിൻമെന്റ് എടുക്കണം.
* അപ്പോയിൻമെന്റ് ലഭിച്ചവർ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തുന്നതിന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിലൂടെ certificate correction request എന്ന ഓപ്ഷൻ വഴി അപേക്ഷ സമർപ്പിക്കണം.
ഹാജരാക്കേണ്ട രേഖകൾ
* തദ്ദേശസ്വയം ഭരണ സ്ഥാപനം നൽകിയ മരണ സർട്ടിഫിക്കറ്റ്
*മരണപ്പെട്ട വ്യക്തിയുടെയും, ബന്ധുവിന്റെയും ഫോട്ടോ അടങ്ങിയ തിരിച്ചറിയൽ രേഖ. (അസ്സൽ രേഖയും പകർപ്പും) ( ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ, ഡ്രൈവിംഗ് ലൈസൻസ്)
* ആരോഗ്യകേന്ദ്രങ്ങൾ വഴി ലഭിച്ച ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ്