
മലപ്പുറം : മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാനാവുമെന്ന് വിശ്യാസമുണ്ടായിരുന്നു. എ പ്ലസ് ലഭിക്കുമെന്ന് കൂട്ടുകാരോടും രക്ഷിതാക്കളോടും പറഞ്ഞിരുന്നു. എന്നാൽ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് കൂടുതൽ ചോദ്യങ്ങൾ വന്നാൽ എന്തു ചെയ്യുമെന്നറിയില്ല. ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോവുന്ന മലപ്പുറത്തെ ഒരുവിദ്യാർത്ഥി ആശങ്ക നിറഞ്ഞ വാക്കുകളാണിത്.
എസ്.എസ്.എൽ.സി പരീക്ഷ അടുത്തിരിക്കെ പുറത്ത് വന്ന ചോദ്യഘടനയിൽ ഏറെ ആശങ്കയിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമെല്ലാം. ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ചോദ്യപേപ്പർ ഘടനയാണ് ഇതിന് കാരണം. വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കണമെങ്കിൽ ഫോക്കസ് ഏരിയയും കടന്ന് നോൺ ഫോക്കസ് ഏരിയയിലും മികച്ച നേട്ടം കൈവരിക്കേണ്ടതുണ്ട്. ഒരു വിദ്യാർത്ഥിക്ക് ഒരുവിഷയത്തിൽ എ പ്ലസ് ലഭിക്കണമെങ്കിൽ 80 ൽ 71 മാർക്ക് നേടണം. എന്നാൽ പുറത്തു വന്ന ചോദ്യഘടനയനുസരിച്ച് ഫോക്കസ് ഏരിയ പഠിച്ചത് കൊണ്ട് മാത്രം ഇത്രയും മാർക്ക് നേടാൻ സാധിക്കില്ല. ഫോക്കസ് ഏരിയയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുത്താണ് അദ്ധ്യാപകർ ക്ലാസെടുത്തിരുന്നത്. മാർച്ച് 31ന് പരീക്ഷ നടക്കാനിരിക്കെ ശേഷിക്കുന്നത് കുറഞ്ഞ ദിവസങ്ങൾ മാത്രമാണ്. ഇതിനിടയിൽ വിദ്യാർത്ഥികൾ എ പ്ലസിനായി അവർ പഠിച്ചിട്ടില്ലാത്ത പാഠഭാഗങ്ങളും പഠിച്ചെടുക്കണം. പരീക്ഷ ചോദ്യപേപ്പറിന്റെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ സംസ്ഥാനത്തെ മുഴുവൻ എ.ഇ ഓഫീസുകൾക്ക് മുമ്പിലും ഫെബ്രുവരി 12ന് സമരം നടത്തും.
ആശങ്കകൾ ഇങ്ങനെയും
നിലവിൽ പത്താം ക്ലാസിലുള്ള വിദ്യാർത്ഥികൾക്ക് ലഭിച്ചത് കൂടുതലും ഓൺലൈൻ ക്ലാസുകളാണ്. എട്ടാം ക്ലാസ് കഴിഞ്ഞയുടനെ കൊവിഡ് നിയന്ത്രണം മൂലം ഒമ്പതാം ക്ലാസും പൂർണമായി ഓൺലൈനിലായി. ഒക്ടോബർ മാസം വരെ പത്താം ക്ലാസ് പഠനവും ഓൺലൈനിൽ തന്നെയായിരുന്നു. കഴിഞ്ഞ വർഷം നവംബർ മുതലാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. വളരെ കുറഞ്ഞ കാലം മാത്രമാണ് ക്ലാസ് റൂമിലിരുന്ന് വിദ്യാർത്ഥികൾക്ക് പഠിക്കാനായത്. കണക്ക് പോലെയുള്ള വിഷയങ്ങൾക്ക് കൂടുതൽ പരിശീലനമില്ലാതെ വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് നേടാനും കഴിയില്ല.
നിലവിൽ പുറത്ത് വിട്ട ചോദ്യഘടന അനുസരിച്ച്
80 മാർക്കിനുള്ള ചോദ്യ പേപ്പർ
ഫോക്കസ് ഏരിയയിൽ നിന്ന് 56 മാർക്ക്
നോൺ ഫോക്ക്സ് ഏരിയയിൽ നിന്ന് 24 മാർക്ക്
എ പ്ലസ് ലഭിക്കാൽ വേണ്ടത് 71 മാർക്ക്
40 മാർക്കിനുള്ള ചോദ്യ പേപ്പർ
ഫോക്കസ് ഏരിയയിൽ നിന്ന് 28 മാർക്ക്
നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 12 മാർക്ക്
നിലവിലെ ചോദ്യപേപ്പർ ഘടനയനുസരിച്ച് വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് നേടാൻ കഴിയില്ല. കൊവിഡ് സാഹചര്യം പരിഗണിച്ച് വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ലളിതമാക്കണം. ചോയ്സ് ചോദ്യങ്ങളിലടക്കം മാറ്റം വരുത്തണം.
കെ.വി ശഫീഖ്
കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിലർ
ഉയർന്ന മാർക്കുണ്ടായിട്ടും വിദ്യാർത്ഥികൾക്ക് പ്ലസ് വണിന് സീറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ ചില വിദ്യാർത്ഥികൾക്കെങ്കിലും കാര്യമായി മാർക്ക് നേടാൻ സാധിച്ചില്ലെങ്കിൽ അടുത്ത തവണ പ്ലസ് വണിന് അവർക്ക് സീറ്റ് ലഭിക്കാൻ ബുദ്ധിമുട്ടാകും.
എം.സലീന
രക്ഷിതാവ്