 
വണ്ടൂർ: വണ്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അങ്ങാടികളിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്തു. പൊതുയിടങ്ങളിൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെയും അല്ലാത്തതുമായ ഫ്ളക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജില്ലയിൽ ഉടനീളം പൊലീസിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. വണ്ടൂർ അങ്ങാടിയിൽ പ്രധാനമായും നാലുവരിപ്പാതയുടെ അരികിലും ഡിവൈഡറിലുമാണ് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. ഇത് പൂർണ്ണമായും നീക്കം ചെയ്തു. നീക്കം ചെയ്തതിൽ അധികവും വിവിധ പരിപാടികളോടനുബന്ധിച്ച് സ്ഥാപിച്ചവയാണ്. മിക്കതും സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിരുന്നു. നീക്കം ചെയ്യുന്നതുമായി രാഷ്ട്രീയ പാർട്ടികൾക്ക് നേരത്തെ വിവരം നൽകിയിരുന്നു. ഇതറിഞ്ഞ ചിലർ തങ്ങളുടെ ബോർഡുകൾ മാറ്റിയിരുന്നു . നീക്കം ചെയ്ത സ്ഥാനത്ത് പുതിയത് സ്ഥാപിച്ചാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സി.ഐ ഇ.ഗോപകുമാറിന്റെ നേതൃത്വത്തിൽ വണ്ടൂർ സ്റ്റേഷൻ പരിധിയിലെ അങ്ങാടികളിൽ നീക്കം ചെയ്തത്.