
പൊന്നാനി: സുരക്ഷിത പാതയാക്കാനുള്ള തീരുമാനം ഫയലിൽ കുടുങ്ങിയതോടെ കുറ്റിപ്പുറം - പൊന്നാനി ദേശീയപാത കുരുതിക്കളമായി മാറി. കഴിഞ്ഞ വെള്ളിയാഴ്ച ഈ റോഡിൽ രണ്ട് പേരാണ് അപകടത്തിൽ മരണമടഞ്ഞത്. ഈഴുവത്തിരുത്തിയിലെ പത്ര ഏജന്റും ലോട്ടറി വിൽപ്പനക്കാരനുമായ വലിയവീട്ടിൽ ഷൺമുഖൻ ദേശീയപാതയിലെ പാക്കത്തപറമ്പിലുള്ള വീടിനടുത്ത് വച്ചാണ് വെള്ളിയാഴ്ച രാത്രി കാറിടിച്ച് മരിച്ചത്. കണ്ണേങ്കാവ് പൂരത്തിന് പോയി തിരിച്ച് വന്ന് സുഹൃത്തിന്റെ ബൈക്കിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ച് അപകടമുണ്ടായത്. ഷൺമുഖനെ ഉടൻതന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആനപ്പടിയിലായിരുന്നു മറ്റൊരപകടം. ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചാണ് കണ്ണൂർ സ്വദേശി ആദിത്യജയചന്ദ്രൻ മരണപ്പെട്ടത്.
അപകടങ്ങൾ പതിവാകുമ്പോഴും കുറ്റിപ്പുറം പൊന്നാനി ദേശീയപാതയിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് സ്ഥിരം സംവിധാനമില്ല. വാഹനങ്ങളുടെ അമിവേഗമാണ് പലപ്പോഴും അപകടമുണ്ടാക്കുന്നതെന്ന് കണ്ടെത്തിയിട്ടും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. മഴപെയ്താൽ റോഡിന്റെ പ്രതലത്തിൽ വഴുക്കൽ കൂടുതലാണെന്ന് ഡ്രൈവർമാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിനൊന്നും പരിഹാരം കാണാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
സംസ്ഥാന ട്രാൻസ്പോർട്ട് വകുപ്പിന്റെ ഭാഗമായ സുരക്ഷിത പാത (സേഫ് കോറിഡോർ) പദ്ധതിയിൽ കുറ്റിപ്പുറം പൊന്നാനി പാതയെ ഉൾപ്പെടുത്താൻ മുമ്പ് ജില്ലാ റോഡ് സുരക്ഷാ കൗൺസിൽയോഗം തീരുമാനിച്ചിരുന്നു. റോഡപകടങ്ങൾക്ക് പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല.
പൊന്നാനി ആനപ്പടി മുതൽ കുറ്റിപ്പുറം മിനിപമ്പ വരെയുള്ള 15.3 കി.മീറ്റർ വരുന്ന പാതയാണ് സുരക്ഷിത പാത പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
വാഹനങ്ങളുടെ വേഗത കണ്ടെത്താൻ ഓരോ നാല് കിലോമീറ്ററിലും സ്പീഡ് ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. അപകടത്തിൽപ്പെടുന്നവർക്ക് പരിചരണം നൽകുന്നതിനായി പന്താപാലത്തിനടുത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ അത്യാഹിത ബൂത്ത് സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
സുരക്ഷിത പാത പദ്ധതിയിൽ ഉൾപ്പെടുത്തുന്ന ജില്ലയിലെ ആദ്യ പാതകൂടിയായിരുന്നു ഇത്. എന്നാൽ, തീരുമാനങ്ങൾ കൈക്കൊണ്ട് മാസങ്ങൾ പിന്നിട്ടെങ്കിലും കാര്യമായി ഒന്നും നടന്നില്ല. ഇടയ്ക്ക് നടക്കുന്ന ഇന്റർസെപ്റ്റർ ഉപയോഗിച്ചുള്ള പരിശോധന മാത്രമാണ് വാഹനങ്ങളുടെ വേഗത കണ്ടെത്താൻ ആകെയുള്ളത്. കുറ്റിപ്പുറം  പൊന്നാനി ദേശീയപാത യാഥാർത്ഥ്യമായശേഷം മുപ്പതോളം പേരാണ് അപകടങ്ങളിൽ മരണപ്പെട്ടത്.