malappuram

മലപ്പുറം: ഭൂരഹിതരായ ആദിവാസികൾക്കായി ജില്ലയിൽ അനുവദിച്ചിട്ടുള്ള ഭൂമിയുടെ പട്ടയ വിതരണം വൈകുന്നുവെന്ന് പരാതി. ഭൂമിയുടെ സർവേ നടപടികളടക്കം പൂർത്തീകരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കളക്ടർ യോഗം വിളിച്ച് കരടിൽ ഒപ്പ് വയ്ക്കാത്തതാണ് പട്ടയ വിതരണം വൈകാൻ കാരണം. ജില്ലയിലെ ആയിരത്തിലേറെ ആദിവാസി ഗുണഭോക്താക്കളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്.

നിലമ്പൂർ, ചുങ്കത്തറ, ചാലിയാർ ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള 538 ഏക്കർ വനഭൂമിയാണ് സർക്കാർ 2009ലെ സുപ്രീംകോടതി വിധി പ്രകാരം ഭൂരഹിതരായ ആദിവാസികൾക്ക് നൽകാനായി അനുവദിച്ചിരുന്നത്. ഇതിൽ 299 ഏക്കർ ഭൂമിയാണ് നിലവിൽ ഗുണഭോക്താക്കൾക്കായി വനം വകുപ്പ് റവന്യൂ ഡിപ്പാർട്ട്മെന്റിലേക്ക് കൈമാറിയിട്ടുള്ളത്. 2021ൽ ഐ.‌റ്റി.ഡി.പി അപേക്ഷ ക്ഷണിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് വനഭൂമിയിൽ സർവേ നടപടികളും വീടുകൾ പണിയുന്നതിനായി മരങ്ങൾ വെട്ടിമാറ്റുന്ന പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. അഞ്ച് സെന്റിലുള്ള മരങ്ങളാണ് ഇതിനായി വെട്ടിമാറ്റിയിട്ടുള്ളത്. മുൻ മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ സമയത്തായിരുന്നു ഭൂരിഭാഗം നടപടികളും പൂർത്തീകരിച്ചിരുന്നത്. എന്നാൽ സർവേ നടപടികളടക്കം കഴിഞ്ഞ് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ട് എട്ട് മാസം കഴിഞ്ഞു. ഇത്ര കാലമായിട്ടും പട്ടയം നൽകുന്ന കാര്യത്തിൽ മറ്റു നടപടികളോ അറിയിപ്പുകളോ ഉണ്ടായിട്ടില്ലെന്ന് സാമൂഹിക പ്രവർത്തക ചിത്ര പറഞ്ഞു. പുതിയ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം വിളിച്ച് കരട് അംഗീകരിച്ചാൽ മാത്രമേ പട്ടയം ഗുണഭോക്താക്കൾക്ക് നൽകാനുള്ള ബാക്കി നടപടികൾ പൂർത്തീകരിക്കാൻ സാധിക്കുകയൊള്ളുവെന്നാണ് ഐ.ടി.ഡി.പി അധികൃതരും വ്യക്തമാക്കുന്നത്. കളക്ടർ കരട് അംഗീകരിച്ചതിന് ശേഷം നിരവധി മറ്റു നടപടികളും പൂർത്തീകരിക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് പട്ടയം നൽകാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഗുണഭോക്താക്കളുടേയും ആവശ്യം.

ഇനി പൂർത്തീകരിക്കേണ്ട നടപടികൾ

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കരടിൽ ഒപ്പ് വച്ചാൽ മാത്രമേ മറ്റു നടപടികളിലേക്ക് കടക്കാനാവു. ഇതു വരെയുള്ള നടപടികളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്.

- ഐ.ടി.ഡി.പി പ്രൊജക്ട് ലീഡർ