malappuram
സർവകലാശാല മൾട്ടി ഡിസിപ്ലിനറി മ്യൂസിയത്തിലെ കെട്ടിടത്തിലെ മാലിന്യ കൂമ്പാരങ്ങൾ

തേഞ്ഞിപ്പലം: സർവകലാശാല മൾട്ടി ഡിസിപ്ലീനറി മ്യൂസിയം മാലിന്യ കൂമ്പാര കേന്ദ്രമായി മാറിയതായി ആക്ഷേപം. കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്ത് വില്ലൂന്നിയാൽ ഭാഗത്ത് മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച മൾട്ടി ഡിസിപ്ലിനറി മ്യൂസിയത്തിന്റെ കെട്ടിടമാണ് മാലിന്യ കൂമ്പാരമായ അവസ്ഥയിലുള്ളത്. എഴുതാത്ത ഫോളിയോ നമ്പറിട്ട മാർക്ക് ലിസ്റ്റ് ഫോമുകൾ, ഒഴിവാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ തുടങ്ങി ഒട്ടനവധി സാമഗ്രികളാണ് മ്യൂസിയത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കൂമ്പാരമായിട്ടിരി ക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരുസർവ്വകലാശാലയിൽ ഇത്തരത്തിൽ ഒരു മ്യൂസിയം വരുന്നത്. ഹിസ്റ്ററി, ബോട്ടണി, സുവോളജി, ഫോക്‌ലോർ ഡിപ്പാർട്ടുമെന്ററുകൾക്കായാണ് മൾട്ടി ഡിസിപ്ലിനറി മ്യൂസിയ കെട്ടിടം നിർമ്മിച്ചത്. ഈ കെട്ടിടമാണ് വെറും വേസ്റ്റ് കേന്ദ്രമായി ഉപയോക്കുന്നത്. കെട്ടിടം ഉപയോഗശൂന്യമായ അവസ്ഥയിൽ കിടക്കുന്നത് അധികൃതരുടെ തികഞ്ഞ അനാസ്ഥയും അലംഭാവുമാണെന്ന ആക്ഷേപം ശക്തമാണ്.
2011 ആഗസ്റ്റ് 18 നായിരുന്നു മ്യൂസിയത്തിന്റെ കെട്ടിടത്തിന് തറക്കല്ലിടുകയും 2014 മാർച്ച് ആറിന് കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. മാത്രമല്ല മേൽനോട്ടത്തിനായി പി.വി.സിയുടെ നേതൃത്വത്തിൽ ഒരു കമ്മറ്റിയും നിലനിൽക്കു ന്നുണ്ട്. മ്യൂസിയത്തിന്റെ വിശദമായ രൂപരേഖ നൽകാൻ 3 ലക്ഷത്തിലധികം രൂപയാണ് കേരള മ്യൂസിയത്തിന് സർവകലാശാല നൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ ഇതുവരെ ഡി.പി.ആർ നൽകിയിട്ടില്ല. സർവകലാശാല എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നൽകാമായിരുന്ന ഡി.പി.ആർ കേരള മ്യൂസിയത്തിനെ ഏൽപ്പിച്ചതിൽ പ്രതിഷേധമുണ്ട്. ഇവരുടെ കൈയിൽ മ്യൂസിയം തയ്യാറാക്കുന്നതിനാവശ്യമായ എഞ്ചിനീയർമാരോ വിദഗ്ദരോ ഇല്ലെന്ന ആരോപണമുയർന്നിട്ടുണ്ട്. ബാംഗ്ലൂരിലുള്ള സ്വകാര്യ ഏജൻസിക്ക് കേരള മ്യൂസിയം കാലിക്കറ്റ് സർവകലാശാലയിലെ മ്യൂസിയത്തിന്റെ ജോലികൾ ഏൽപ്പിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ഇതിലും വ്യക്തയില്ല. സർവകലാശാലയിൽ മ്യൂസിയത്തിന്റെ കോമ്പൗണ്ടിൽ പാകിയ എട്ടുലക്ഷം രൂപയുടെ പുൽത്തകിടുകൾ നശിച്ചു കഴിഞ്ഞു. മാത്രമല്ല പുതുതായി നിർമ്മിച്ച കെട്ടിടമായിട്ടും ചോർച്ച ഉണ്ടായതോടെ 40 ലക്ഷം രൂപ ചെലവഴിച്ചാണ് വീണ്ടും കെട്ടിടത്തിന്റെ ചോർച്ച അകറ്റിയതെന്ന് പറയുന്നു.