
മലപ്പുറം: കൊവിഡ് കേസുകൾ കൂടുമ്പോഴും ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണെന്നത് ആരോഗ്യ മേഖലയ്ക്ക് ആശ്വാസമാകുന്നു. മറ്റ് പല ജില്ലകളെ അപേക്ഷിച്ചും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ മലപ്പുറത്ത് വലിയ കുറവുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം ശരാശരി 3,000 കടന്നിട്ടുണ്ടിപ്പോൾ. ഇതിൽ ഭൂരിഭാഗം പേർക്കും ഹോം ക്വാറന്റൈനിന്റെ ആവശ്യകതയേ വരുന്നുള്ളൂ.
സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 58.6 ശതമാനം കിടക്കളാണ് ഒഴിവുള്ളത്. ഐ.സി.യുകളും പകുതി നിറഞ്ഞിട്ടുണ്ട്. വെന്റിലേറ്ററുകളിൽ 64.7 ശതമാനത്തിലും രോഗികളുണ്ട്. എന്നാൽ ജില്ലയുടെ അവസ്ഥ ഇതിൽ നിന്ന് വിഭിന്നമാണെന്നത് പ്രതിസന്ധിക്കിടയിലും ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്നുണ്ട്.
ഒഴിവ് കൂടുതലും സ്വകാര്യ ആശുപത്രിയിൽ
ജില്ലയിലെ അഞ്ച് സർക്കാർ ആശുപത്രികളിലായി 161 ബെഡുകളാണുള്ളത്. ഇതിൽ 57 ബെഡുകളാണ് ഇനി അവശേഷിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിലെ 44 ബെഡുകളിൽ 17 ഇടത്താണ് ഒഴിവുള്ളത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ 30 ബെഡുകളിൽ 11 ഒഴിവും പെരിന്തൽമണ്ണയിൽ 13 ബെഡുകളിലും ഒഴിവുണ്ട്. തിരൂർ ജില്ലാ ആശുപത്രിയിലെ 19 ബെഡുകളിൽ 13 ഇടത്താണ് ഒഴിവുള്ളത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ 40 ബെഡുകളിൽ 12 എണ്ണത്തിലും ഒഴിവുണ്ട്. സർക്കാർ ആശുപത്രികളിൽ 84 ഐ.സി.യുകളാണ് കൊവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിട്ടുള്ളത്. ഇതിൽ 44 എണ്ണത്തിലും ഒഴിവുണ്ട്. 50 വെന്റിലേറ്ററുകളിൽ ഏഴെണ്ണത്തിലാണ് രോഗികളുള്ളത്. ഗുരുതര ലക്ഷണങ്ങളോടെ 38 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
ആശുപത്രികളിൽ 75.5 ശതമാനം കിടക്കകളിൽ ഒഴിവ്
ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം ഇപ്പോൾ കുറവാണ്. നിലവിലെ പ്രതിസന്ധിയെ മറികടക്കാനുള്ള സംവിധാനങ്ങൾ ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും.
- ഡോ. ആർ. രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ
ജില്ലയിൽ 2,855 പേർക്ക് കൊവിഡ്
മലപ്പുറം: ജില്ലയിൽ വ്യാഴാഴ്ച 2,855 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇതിൽ അഞ്ച് ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ആകെ 1,18,48 സാമ്പിളുകളാണ് പരിശോധിച്ചത്. 2,694 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 57 കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. 99 പേർക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.
61 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ നൽകി മലപ്പുറം: ജില്ലയിൽ 61,17,307 ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇതിൽ 15 വയസ്സിന് മുകളിൽ പ്രായമുള്ള 33,68,386 പേർക്ക് ഒന്നാം ഡോസും 27,23,451 പേർക്ക് രണ്ടാം ഡോസും 25,470 പേർക്ക് കരുതൽ ഡോസ് വാക്സിനുമാണ് നൽകിയത്.