over-bridge

തിരൂർ: തിരൂർ നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ താഴെപ്പാലത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പാലം നിർമ്മാണം പൂർത്തിയാക്കി യാത്രാ ക്ലേശത്തിന് പരിഹാരമുണ്ടാകണേ

എന്ന പ്രാർത്ഥനയിലാണ് തിരൂർ നിവാസികൾ. ഗതാഗത കുരുക്ക് രൂക്ഷമായ തിരൂർ പട്ടണത്തിൽ താഴെപ്പാലത്ത് 44 കോടിരൂപ ചെലവിൽ ഫ്‌ളൈഓവർ നിർമ്മിക്കാനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതായി കുറുക്കോളി മൊയ്തീൻ എം.ൽ.എ അറിയിച്ചിരുന്നു. അതിനാൽ കാലങ്ങളായുള്ള ആവശ്യം പൂവണിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. താഴെപ്പാലം സെന്റ് മേരിസ് ചർച്ച് മുതൽ രാജീവ് ഗാന്ധി സ്റ്റേഡിയം വരെ നിർമിക്കുന്ന പുതിയ പദ്ധതിക്കാണ് ഇതുവരെ അംഗീകാരം ലഭിച്ചത്. എന്നാൽ റോഡിന്റെ വീതി കൂട്ടി ഒരു വശത്ത് പൂങ്ങോട്ടുകുളം വരെയും മറുവശത്ത് സ്റ്റേഡിയത്തിന് അപ്പുറം വരെയും നീട്ടണമെന്ന നാട്ടുകാരുടെ ശുപാർശ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും എം.ൽ.എ പറഞ്ഞു.

ചമ്രവട്ടം പാലം തുറന്നതിന് ശേഷം ദീർഘ ദൂര യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും തിരൂർ വഴിയാണ് കടന്നു പോകുന്നത്. ഇതും ഇവിടെ ഗതാഗത കുരുക്കിന് ഇടയാക്കുന്നു. 44 കോടിരൂപയുടെ നിലവിലെ പദ്ധതിയ്ക്കായി ആർ.ബി.ഡി.സിക്കാണ് രൂപരേഖ തയ്യാറാക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്.

പണിത പാലങ്ങൾ നോക്കുകുത്തി

തിരൂർ നഗരത്തിൽ നിലവിൽ സിറ്റി ജംഗ്ഷനിൽ റെയിൽവേ മേൽപ്പാലവും താഴെപാലത്തു തന്നെ ഉള്ള ഒരു മേൽപ്പാലവും പണി പൂർത്തിയാക്കിയെങ്കിലും ഭരണ വടംവലി കാരണം ഇതുവരെ ഗതാഗതത്തിന് അനുമതി നൽകിയിട്ടില്ല. വർഷങ്ങളായി നോക്കുകുത്തികളായി രണ്ടു മേൽപ്പാലങ്ങൾ നിൽക്കുന്നതിനാൽ ഈ പാലമെങ്കിലും നിർമ്മാണം കഴിഞ്ഞ് ഉപകാരപ്രദമാകുന്ന വിശ്വാസത്തിലാണ് തിരൂർ നിവാസികൾ.