
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അക്രമങ്ങൾക്ക് തടയിടാൻ നിരവധി നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തി എത്രത്തോളമുണ്ടെന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പോക്സോ കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം കേസുകൾ പുറത്തു കൊണ്ടു വരാൻ മാദ്ധ്യമങ്ങൾ കാണിക്കുന്ന ജാഗ്രതയാണ് പല പെൺകുട്ടികൾക്കും ജീവൻപോലും തിരിച്ചു കിട്ടാൻ കാരണം.
സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിയമപാലകരുടെ അനാസ്ഥ പല അപകടങ്ങളും വിളിച്ച് വരുത്തുന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക. മലപ്പുറത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ റിപ്പോർട്ട് ചെയ്ത രണ്ട് പോക്സോ കേസുകളിലും പൊലീസിന് സംഭവിച്ച വീഴ്ച വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പാക്കേണ്ടവർക്ക് ഇത്തരത്തിൽ വീഴ്ചകൾ സംഭവിക്കുമ്പോൾ ഇനിയൊരിക്കലും ഇത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാനുള്ള ഗൗരവമേറിയ നടപടികൾ സർക്കാർ ആലോചിക്കണം. പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുമ്പോൾ പുറത്തുവരുന്ന പ്രതി പട്ടികയിൽ എല്ലാ പ്രായത്തിൽപ്പെട്ടവരും ഉണ്ടെന്നുള്ളത് മറ്റൊരു വസ്തുതയാണ്. കുട്ടികളെ നേർവഴിക്ക് നടത്തേണ്ടവർ അവരെ നശിപ്പിക്കുന്നവരായി മാറുമ്പോൾ നല്ല സമൂഹത്തെ വാർത്തെടുക്കേണ്ട ഉത്തരവാദിത്വം ആരെയാണ് നമുക്ക് വിശ്വസിച്ച് ഏൽപ്പിക്കാനാവുക. നേർവഴിക്ക് നടത്തിയില്ലെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും മനസമാധാനത്തടെ ജീവിക്കാനുള്ള സാഹചര്യമെങ്കിലും ഇവിടെ ഉണ്ടായേ തീരൂ.
ഇവർ ഇരകളാകുമ്പോൾ
കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ മാദ്ധ്യമങ്ങളിലും മറ്റും മലപ്പുറം നിറഞ്ഞു നിൽക്കുന്നത് പോക്സോ കേസുകളുമായി ബന്ധപ്പെട്ടാണ്. പോക്സോ ഇര ആത്മഹത്യ ചെയ്തതും, പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭം ധരിച്ചതിനെ തുടർന്ന് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതുമാണ് വാർത്തകൾ. തേഞ്ഞിപ്പലത്ത് ഏഴ് മാസം മുമ്പ് കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം നടുക്കത്തോടെയാണ് എല്ലാവരും കേട്ടത്. പെൺകുട്ടിക്ക് സംരക്ഷകരാവേണ്ട ബന്ധുക്കൾ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്നാണ് മാനംഭംഗപ്പെടുത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. ഇവരുടെ പേരിൽ പോക്സോ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാനസികാവസ്ഥയെ പരിചരിക്കാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്. മാനഭംഗത്തിന് ശേഷം പെൺകുട്ടി പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും കുട്ടിയെ സംരക്ഷിക്കണമെന്നും പലതവണ ആവശ്യപ്പെട്ടിരുന്നതായി പെൺകുട്ടിയുടെ മാതാവ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞ് പറഞ്ഞിരുന്നു. ഒരുപക്ഷേ ആവശ്യമായ കൗൺസിലിംഗ് ലഭിച്ചിരുന്നെങ്കിൽ പെൺകുട്ടി ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുമായിരുന്നു.
പെൺകുട്ടി ആറ് മാനഭംഗകേസുകളിലെ ഇരയാണ്. അഞ്ച് കേസുകൾ ഫറോക്ക് പൊലീസ് സ്റ്റേഷനിലും ഒരു കേസ് കൊണ്ടോട്ടി സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ഫറോക്ക് സ്റ്റേഷൻ എസ്.ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വനിത എസ്.ഐ ലീലാമ്മ രംഗത്ത് വന്നിരുന്നു. കേസ് രജിസ്റ്റർചെയ്ത സമയത്ത് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നത് എസ്.ഐ ലീലാമ്മയായിരുന്നു. പെൺകുട്ടിയോട് ശത്രുതാ മനോഭാവത്തോടെയാണ് സി.ഐ പെരുമാറിയിരുന്നതെന്ന ആരോപണമാണ് പുറത്തുവന്നത്. ആത്മഹ്യതയിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ടിലും വ്യക്തമാണ്. അതേസമയം പോക്സോ കേസിൽ പാലിക്കേണ്ട എല്ലാ നിയമനടപടികളും പാലിച്ചിട്ടുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി പറയുന്നത്.
വണ്ടൂരിൽ നടന്ന ശൈശവ വിവാഹമാണ് ഏറ്റവുമൊടുവിൽ നടന്ന മറ്റൊരു കേസ്. പ്രായം തികയും മുമ്പേ പെൺകുട്ടികളുടെ വിവാഹം നടത്തി ബാദ്ധ്യത തീർക്കുന്നവരിൽ പുതിയ തലമുറയിലെ രക്ഷിതാക്കളുമുണ്ടെന്നത് പറയാതെ വയ്യ. 16ാം വയസിലായിരുന്നു പെൺകുട്ടിയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമിപ്പോൾ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്. സ്കൂളിലും കോളേജിലും പോയി പഠിക്കേണ്ട സമയത്ത് ഗർഭ ശുശ്രൂഷയ്ക്കായി പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം കയറിയിറങ്ങിയത് വിവിധ ആശുപത്രികളിലായിരുന്നു. ചികിത്സക്കായി ചെന്നിടത്തെല്ലാം പെൺകുട്ടിയുടെ പ്രായം വ്യക്തമാക്കാതെയായിരുന്നു ചികിത്സ നടത്തിയതെന്നാണ് ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ഓഫീസർ
പറയുന്നത്. ഇവർക്ക് ലഭിച്ച രഹസ്യവിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ 21ന് തന്നെ വണ്ടൂർ പൊലീസിൽ വിവരമറിയിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് സി.ഡബ്ലിയു.സി പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ജുവൈനൽ പൊലീസ് ഡി.വൈ.എസ്.പിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇൗ കേസിൽ സി.ഡബ്ലിയു.സി ചെയർമാൻ ഷാജേഷ് ഭാസ്ക്കർ പൊലീസിനെതിരെ ഉന്നയിച്ചതും ഗുരുതര ആരോപണങ്ങളായിരുന്നു. 21ന് പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. വണ്ടൂർ പൊലീസ് ഇൻസ്പെക്ടറോട് മാദ്ധ്യമങ്ങൾ കാര്യമന്വേഷിച്ചപ്പോൾ പരാതി നൽകിയ സമയത്ത് താൻ ലീവിലായിരുന്നു എന്നാണ് മറുപടി. ഇത്തരത്തിൽ പൊലീസിന്റെ ന്യായീകരണങ്ങൾ കേട്ട് മൂക്കത്ത് വിരൽവയ്ക്കേണ്ട അവസ്ഥയാണ്.
അവർക്കും
ജീവിക്കണം
പൊലീസിന്റെ വീഴ്ച്ചകൾക്ക് സർക്കാർ തന്നെയാണ് പരിഹാരം കാണേണ്ടത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും ഇരകളാകാനും സാദ്ധ്യതയുള്ളവരെ കണ്ടെത്തി പരിചരിക്കാനുള്ള സംവിധാനങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് സി.ഡബ്ലിയു.സി ചെയർമാൻ ഷാജേഷ് ഭാസ്കർ പറയുന്നത്. താഴേത്തട്ട് മുതലുള്ള സംവിധാനങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചാൽ നിരവധി കുറ്റകൃത്യങ്ങൾക്ക് നമുക്ക് തടയിടാനാവും. പ്രാദേശിക സംവിധാനങ്ങൾ അതിനായി ഉണർന്ന് പ്രവർത്തിക്കണം. ശൈശവവിവാഹം നടത്തുന്നവരെയടക്കം കണ്ടെത്തി നിയമത്തിന് മുമ്പിൽ കൊണ്ടുവരാനുള്ള ഏറ്റവും മികച്ച സംവിധാനം തന്നെ സംസ്ഥാനത്ത് ഒരുക്കേണ്ടതുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ച് കൗമാരക്കാർക്ക് ബോധവത്ക്കരണ ക്ലാസുകൾ നടത്തി വരുന്നുണ്ടെങ്കിലും ലൈംഗിക വിദ്യാഭ്യാസത്തിന് കൂടുതൽ ഉൗന്നൽ നൽകണം. ചെറിയ ക്ലാസുകളിൽ തന്നെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നതിലൂടെ വലിയ തിരിച്ചറിവ് പുതുതലമുറയ്ക്ക് ആർജിച്ചെടുക്കാൻ സാധിക്കും. കലാലയങ്ങൾ തുല്യതയ്ക്ക് വേണ്ടി സംസാരിക്കുന്ന ഇടങ്ങളാക്കി മാറ്റാൻ സർവകലാശാലകൾ സജ്ജമാവണം. മലപ്പുറത്ത് തന്നെ 2017ൽ രണ്ടാനച്ഛൻ പന്ത്രണ്ടുകാരിയ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ കഴിഞ്ഞദിവസം വന്ന കോടതിവിധി അൽപ്പമെങ്കിലും പ്രതീക്ഷ നൽകതുന്നതാണ്. രണ്ട് വകുപ്പുകളിലായി 10 വർഷം തടവും,20,000 രൂപ പിഴയുമാണ് പെരിന്തൽമണ്ണ അതിവേഗ പോക്സോ കോടതി പ്രതിക്ക് നൽകിയ ശിക്ഷ. പ്രതികൾ ശിക്ഷിക്കപ്പെടാൻ കാലതാമസമെടുക്കുന്നത് മാറ്റി നിറുത്തിയാൽ കോടതിവിധി ആശ്വാസം നൽകുന്നതാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ചൂഷണങ്ങളിൽ ഉടനടി കേസ് രജിസ്റ്റർ ചെയ്ത് എത്രയും പെട്ടെന്ന് ശിക്ഷ നടപ്പിലാക്കുന്ന സംവിധാനവും സജ്ജമാക്കുന്നതിൽ സർക്കാർ ഉണർന്ന് പ്രവർത്തിക്കണം.