 
നിലമ്പൂർ: നിലമ്പൂരിന്റെ സമഗ്രവികസനത്തിനുതകുന്ന പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഏകദിന ഉപവാസ സമരം നടത്തി. നിലമ്പൂർ വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമരം നടത്തിയത്. കെ.ആർ. ഭാസ്‌കരൻപിള്ള ഉദ്ഘാടനം ചെയ്തു. വികസനസമിതി കൺവീനർ വിനോദ് പി. മേനോൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, വൈസ് പ്രസിഡന്റ് ഫാത്തിമ, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്, സ്വാമി ആത്മസ്വരൂപാനന്ദ, യു. നരേന്ദ്രൻ, വികസന സമിതി ജനറൽ കൺവീനർ അഹമ്മദ്കുട്ടി കാപ്പിൽ, റഹ്മത്തുള്ള മൈലാടി തുടങ്ങിയവർ സംസാരിച്ചു.
നിലമ്പൂർ ബൈപ്പാസ് റോഡ് നിർമ്മാണം പൂർത്തീകരിക്കുക, ജില്ലാ ആശുപത്രിയിൽ ആധുനികചികിത്സാ സൗകര്യങ്ങളൊരുക്കുക, നിലമ്പൂർ നഞ്ചൻകോട് പാത സ്ഥാപിക്കുക, നാടുകാണി പരപ്പനങ്ങാടി പാത വീതികൂട്ടി നിർമ്മിക്കുക, നിലമ്പൂരിന്റെ ടൂറിസം പെരുമ നിലനിറുത്തുക തുടങ്ങി 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. വൈകീട്ട് 5 മണിയോടെ ഉപവാസസമരം അവസാനിപ്പിച്ചു. സമാപന ചടങ്ങിൽ കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.