strike

കൊണ്ടോട്ടി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കും അവഗണനയ്ക്കുമെതിരെ ഫെബ്രുവരി 23, 24 തിയ്യതികളിൽ നടത്തുന്ന പണിമുടക്കിൽ മുഴുവൻ ജീനക്കാരും പങ്കെടുക്കുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ആറ് വർഷമായി അധികാരത്തിൽ തുടരുന്ന ഇടതു സർക്കാർ ജീവനക്കാരെ പുർണമായും അവഗണിക്കുകയാണ്. അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞവർ അപാകതകൾ പരിഹരിക്കാൻ പോലും തയ്യാറായിട്ടില്ല എന്ന് മാത്രമല്ല മറ്റ് സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകൂല്യങ്ങൾ കേരളത്തിലെ ജീവനക്കാർക്ക് നൽകുന്നില്ല. ലീവ് സറണ്ടർ ആനുകൂല്യം വർഷങ്ങളായി മരവിപ്പിച്ചിരിക്കുകയാണ്. വിശ്രമമില്ലാതെ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് അധിക ആനുകൂല്യം പ്രഖ്യാപിക്കണം. കൊവിഡുമായി ബന്ധപ്പെട്ട് അനുവദിച്ചിരുന്ന സ്‌പെഷൽ കാഷ്യൽ ലീവ് നിറുത്തലാക്കിയ നടപടി പുനപരിശോധിക്കണം. വിലക്കയറ്റം പിടിച്ചു നിറുത്താൻ നടപടി വേണം. തുടങ്ങിയ അവശ്യങ്ങളും യോഗം ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് സി. വിഷ്ണുദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി. ദിനേശ് ഉദ്ഘാടനം ചെയ്തു. സുനിൽ കാരക്കോട്, എ.കെ. പ്രവീൺ, എ.പി. അബ്ബാസ്, വി.കെ. കൃഷ്ണപ്രസാദ്, മോഹനൻ പടിഞ്ഞാറ്റു മുറി, വി.എസ്. പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.