fasil

കുറ്റിപ്പുറം: ആഗ്രഹങ്ങൾക്ക് പിറകെ പോയി നേട്ടങ്ങൾ നേടിയെടുത്ത ഒരുപാട് പേരുണ്ട്. അത്തരത്തിൽ, ആഗ്രഹങ്ങൾ ശക്തമാണെങ്കിൽ പരിമിതികൾ ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് ഫാസിൽ എന്ന വിദ്യാർത്ഥി.വലത് കാൽപ്പാദമില്ലാതെ ജനിച്ച ഫാസിൽ മൂന്ന് ശാസ്ത്രക്രിയകൾക്ക് ശേഷമാണ് നടക്കാനാരംഭിച്ചത്. ഇടതു കാലിൽ ചെറിയ വളവ് ഉണ്ടായിട്ടും ഫുട്‌ബാൾ മത്സരങ്ങളിൽ പങ്കെടുത്ത് ഇപ്പോൾ എഫ്.സി കേരളയുടെ ടീമിൽ സെലക്ഷൻ നേടിയെടുത്തു ഈ മിടുക്കൻ.

നടക്കാനായി ഡോക്ടർ നൽകിയ ഫൈബർ സഹായിക്കുമേൽ ബൂട്ടിട്ടാണ് ഫാസിൽ ഗ്രൗണ്ടിലിറങ്ങുന്നത്. ആറ് മാസത്തോളം ഈ ഫൈബർ സഹായി ഉണ്ടാകും പിന്നെ മാറ്റി വാങ്ങണം. കുട്ടിക്കാലം മുതൽ ഫുട്ബാൾ മത്സരങ്ങൾ നാട്ടിലും ടെലിവിഷനിലും കാണും. ഈ കാഴ്ചകളാണ് പിന്നീട് ഫാസിലിനെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. പിന്നീട് യാത്ര അതിന് പിറകെയായി. ആദ്യം നാട്ടിലെ ചെറു ടൂർണമെന്റുകളിൽ പങ്കെടുത്തു. പിന്നീട് മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നത് പതിവാക്കി. ഇപ്പോഴിതാ എഫ്.സി. കേരള ടീമിൽ പന്ത് തട്ടാൻ അവസരവും ലഭിച്ചു.

പൊന്നാനി എം.ഇ.എസ് കോളേജിലെ അവസാന വർഷ ബികോം വിദ്യാർത്ഥിയാണ് ഫാസിൽ. മുഹമ്മദ്- റംല എന്നിവരാണ് മാതാപിതാക്കൾ. വീട്ടിലും നാട്ടിലും തനിക്ക് ലഭിക്കുന്ന വലിയ പിന്തുണയാണ് നേട്ടങ്ങൾക്ക് പിറകിലെന്ന് ഫാസിൽ പറയുന്നു.

മി‌ഡ്ഫീൽഡും മെസിയും

ഫുട്‌ബാളിൽ മിഡ്ഫീൽഡാണ് ഫാസിലിന്റെ ഇഷ്ട്ട പൊസിഷൻ. ഖൽബ് മെസ്സിയും അർജന്റീനയും. മെസ്സിയുടെ മത്സരങ്ങൾ കണ്ടതും ഒരുപരിധി വരെ തന്റെ ഫുട്‌ബാൾ മോഹങ്ങൾക്ക് വലിയ ആവേശം പകർന്നുവെന്ന് ഫാസിൽ പറയുന്നു.