
മലപ്പുറം: ഓരോ ദിവസവും വൈറൽ പനി ബാധിതരുടെ എണ്ണം ജില്ലയിൽ കുത്തനെ ഉയരുകയാണ്. കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ജനുവരിയിലാണ് ഏറ്റവും കൂടുതൽ പേർ പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ മാത്രം പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 23,233 പേർ. സ്വകാര്യ ആശുപത്രികളിലും ക്ളിനിക്കുകളിലും എത്തുന്നവരുടെ എണ്ണം കൂടി കൂട്ടിയാൽ ഇത് ഇരട്ടിയാവും.
ഒരാഴ്ചക്കിടെ ശരാശരി 2,000 പേർ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. ജനുവരി തുടക്കം മുതൽ വൈറൽ പനി ബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ഒരാഴ്ചക്കിടയിലാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കവിഞ്ഞത്. അതേസമയം അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം കുറവാണ്. രണ്ടാഴ്ചക്കിടെ 78 പേരെ മാത്രമാണ് അഡ്മിറ്റ് ചെയ്യേണ്ടി വന്നത്.
കാലാവസ്ഥ മാറ്റത്തിന് പിന്നാലെ ഡിസംബർ മുതൽ വൈറൽ പനിയും ജലദോഷവും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ടായിരുന്നു. നേരത്തെ പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്കെത്തിയാൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നിലവിൽ മൂന്ന് ദിവസത്തേക്ക് മരുന്ന് നൽകിയ ശേഷം കുറവില്ലെങ്കിൽ മാത്രം കൊവിഡ് പരിശോധന നിർദ്ദേശിക്കുന്ന രീതിയാണിപ്പോൾ. കൊവിഡ്, ഒമിക്രോൺ കേസുകൾ കുത്തനെ കൂടിയ പശ്ചാത്തലത്തിൽ പനി ബാധിതർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. മഞ്ഞും വെയിലും ഒരുപോലെ ഇടകലർന്നുള്ള കാലാവസ്ഥ വൈറൽപനിയും ജലദോഷവും കൂട്ടിയിട്ടുണ്ട്. അതേസമയം പനി കൂടുതൽ പേർക്ക് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കൊവിഡ് പരിശോധന ആവശ്യപ്പെട്ടാലും ചെയ്യാൻ മടിക്കുന്നവരുണ്ട്. യഥാസമയം കൊവിഡ് പരിശോധന നടത്തി ഫലം അറിയും വരെ ക്വാറന്റൈനിൽ കഴിയേണ്ടവർ പോലും ഇത് പാലിക്കാത്തത് രോഗ വ്യാപനത്തിന് വഴിവയ്ക്കുന്നുണ്ട്.
മാറുന്നില്ല എലിപ്പനിയും ഡെങ്കിയും
ഡെങ്കി, എലിപ്പനി റിപ്പോർട്ട് ചെയ്യുന്നത് മുൻമാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണിയായി നിലനിൽക്കുന്നുണ്ട്. രണ്ടാഴ്ചക്കിടെ 18 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ആലങ്കോട്, കൂട്ടിലങ്ങാടി എന്നിവിടങ്ങളിലാണിത്. എട്ട് പേർക്ക് എലിപ്പനിയും ബാധിച്ചിട്ടുണ്ട്. തുവ്വൂർ, തൃക്കലങ്ങോട്, ഈഴവത്തിരുത്തി, എടക്കര, മഞ്ചേരി, എടവണ്ണ എന്നിവിടങ്ങളിലാണിത്.