land
കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ അധികൃതർ പരിശോധന നടത്തുന്നു.

തിരുരങ്ങാടി: തിരൂരങ്ങാടി മേഖലയിൽ കടലുണ്ടിപ്പുഴയുടെ മിക്ക ഭാഗങ്ങളിലും കരയിടിച്ചിൽ വ്യാപകമായതിനെ തുടർന്ന് കളക്ടറോട് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ റവന്യുമന്ത്രി കെ. രാജൻ ആവശ്യപ്പെട്ടു. പത്മശ്രീ പുരസ്കരാം ലഭിച്ച കെ.വി റാബിയയെ മന്ത്രി സന്ദർശിക്കാനെത്തിയപ്പോൾ കെ.വി റാബിയയും ഡിവിഷൻ കൗൺസിലർ അരിമ്പ്ര മുഹമ്മദാലിയും വിഷയം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് കൂടെയുണ്ടായിരുന്ന ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാറിനോട് മന്ത്രി ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. തുടർന്ന് നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ പുഴക്കടവിൽ കളക്ടർ പരിശോധന നടത്തുകയും ഉടൻ പരിഹാരം കാണുമെന്ന് ഡിവിഷൻ കൗൺസിലറേയും കെ.വി റാബിയയെയും അറിയിക്കുകയും ചെയ്തു.
കരയിടിച്ചൽ സംബന്ധിച്ച് കഴിഞ്ഞവർഷം ഫെബ്രുവരി 16ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
തുടർന്ന് തിരൂരങ്ങാടി താലൂക്ക് തഹസിൽദാറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും അന്നത്തെ കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

കരയിടിച്ചൽ ഭീഷണിയിൽ നിരവധി വീടുകൾ

തിരൂരങ്ങാടി വെള്ളിലക്കാട് ഭാഗത്ത് 300ൽ പരം വീടുകൾ ഉണ്ട്. പത്താം ഡിവിഷൻ ഉൾപ്പെട്ട പ്രദേശത്ത് ഇരുനൂറിൽപരം വീടുകൾ കരയിടിച്ചൽ ഭീഷണിയിലുമാണ്. 2018 -2019 പ്രളയത്തിലാണ് ഏറ്റവും കൂടുതൽ കരയിടിച്ചിൽ ഇവിടെ ഉണ്ടായത്.