
പൊന്നാനി: പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണ പരമ്പര. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചോളം വീടുകളിലാണ് മോഷണം നടന്നത്. വെളിങ്കോട്, മാറഞ്ചേരി മേഖലയിലാണ് മോഷണങ്ങൾ അരങ്ങേറിയത്.
ചൊവാഴ്ച്ച രാത്രിയിൽ വെളിങ്കോട് എസ്.ഐ പടിയിൽ വിരുത്തിയിൽ കുഞ്ഞുമ്മുവിന്റെ വീട്ടിൽ ഓട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. സംഭവ ദിവസം രാത്രി കുഞ്ഞുമ്മും മരുമകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോൾ മുറിയിലെ അലമാരയിൽ സാധനങ്ങൾ വലിച്ചു വാരിയിട്ട് ഓട് പൊളിച്ചിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നര പവന്റെ മാലയും ഒന്നേക്കാൽ പവന്റെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്.
അന്നേ ദിവസം രാത്രിയിൽ മറ്റൊരു വീട്ടിലും മോഷണം അരങ്ങേറി. മാറഞ്ചേരി ശിവജി നഗർ കൈതപറമ്പിൽ കോമളവല്ലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒറ്റക്ക് താമസിക്കുന്ന വീട്ടുടമ അയൽപക്കത്തെ ബന്ധുവീട്ടിലാണ് രാത്രിയിൽ ഉറങ്ങാൻ കിടന്നത്. രാവിലെ വീട്ടിലെത്തിയപ്പോൾ മുൻഭാഗത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന അരപ്പവന്റെ കമ്മലും 4000 രൂപയും നഷ്ടപ്പെട്ടു.
വ്യാഴാഴ്ച്ച രാത്രി പെരുവഴിക്കുളം പെരുമ്പുള്ളിയിൽ ഖദീജയുടെ വീട്ടിൽ കള്ളൻ കയറി. ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. സംഭവം ദിവസം രാത്രി വീട്ടുടമ കൃഷ്ണ പണിക്കർ മകന്റെ വീട്ടിലായിരുന്നു. അലമാരയിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലായിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു. നാല് വർഷം ഇതേ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്.
ഇതിന് മുൻപുള്ള ദിവസങ്ങളിൽ വെളികോട് പട്ടരുമഠത്തിൽ ദിനേശിന്റെയും കെ.കെ.എസ് മുഹമ്മദിന്റെയും വീട്ടിൽ സമാന രീതിയിൽ മോഷണം അരങ്ങേറിയിരുന്നു. മോഷണ സംഭവങ്ങളിൽ പെരുമ്പടപ്പ് പൊലീസ് അന്വേഷണം ഊർജിതമാക്കി.
മോഷ്ടാവിനെ പിടികൂടാൻ ജനകീയ പങ്കാളിത്തത്തോടെ സ്‌ക്വാഡ്
പൊന്നാനി: രാത്രികാല പരിശോധന ശക്തമാക്കിയിട്ടും പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷ്ടാക്കൾ വിലസുന്നു. മോഷ്ടാവിനെ പിടികൂടാൻ ജനകീയ പങ്കാളിത്തത്തോടെ സ്‌ക്വാഡ് രൂപീകരിക്കാനാണ് തീരുമാനം.
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല് ദിവസത്തിനിടെ അഞ്ച് വീടുകളിൽ മോഷണം നടന്നിട്ടും മോഷ്ടാവിനെക്കുറിച്ചുള്ള തുമ്പ് ലഭിക്കാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. സമാന രീതിയിലുള്ള മോഷണശ്രമമാണ് നടന്നിട്ടുള്ളതിനാൽ ഒരാൾ തന്നെയാണ് മോഷണങ്ങൾക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. റോഡരികിലുള്ള ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടന്നിട്ടുള്ളത്. കൃത്യമായി നിരീക്ഷിച്ചതിന് ശേഷമാണ് മോഷണത്തിനായി വീടുകൾ കള്ളൻ തെരഞ്ഞെടുക്കുന്നതെന്ന സംശയവും പൊലീസിനുണ്ട്. അതേസമയം കഴിഞ്ഞ ദിവസം മോഷണം നടന്ന വെളിങ്കോട് പഞ്ഞിയിലെ പട്ടരുമഠത്തിൽ ദിനേശിന്റെ വീട്ടിലെ വസ്ത്രങ്ങൾ അൻപത് മീറ്റർ അകലെ നിർമ്മാണം നടക്കുന്ന വീട്ടുവളപ്പിൽ നിന്നും കണ്ടെത്തി. മോഷ്ടാവ് ഉപേക്ഷിച്ച വസ്ത്രങ്ങളാണിതെന്നാണ് സംശയം. തുടർന്ന് പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
വീട് അടച്ചിട്ട് പോകുമ്പോൾ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കാനും രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ തിരിച്ചറിയൽ കാർഡ് കൈവശം വെക്കാനും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.