hospital
പൊന്നാനി താലൂക്ക് ആശുപത്രിയിൽ നടന്ന ത്വക്ക് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം

പൊന്നാനി: താലൂക്ക് ആശുപത്രിയിൽ നടന്ന ത്വക്ക്മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയം. പൊന്നാനി സ്വദേശി ഹംസയുടെ (63) കാലിലാണ് ശസ്ത്രക്രിയയിലൂടെ ത്വക്ക് മാറ്റിവെച്ചത്. താലൂക്ക് ആശുപത്രിയിൽ ഇതാദ്യമായാണ് ത്വക്ക് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്.
തൊലി ദ്രവിച്ചുപോകുന്ന നെക്രോട്ടൈസിംഗ് ഫാസിറ്റിസ് എന്ന രോഗം ബാധിച്ചാണ് ഹംസ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ത്വക്ക് മാറ്റിവെക്കുന്നതിന് സ്വകാര്യ ആശുപത്രികളിൽ വലിയ സംഖ്യ ചെലവ് വരുന്നുണ്ട്. ഡോക്ടർമാരായ എം.കെ. ഷെബീർ, മൻസൂർ അലി എന്നിവരുടെ നേതൃത്വത്തിൽ രണ്ടര മണിക്കൂറോളമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തുടയിൽനിന്ന് തൊലിയെടുത്താണ് കാലിൽവച്ചുപിടിപ്പിച്ചത്. ഇതേ രോഗാവസ്ഥയിലുള്ള ഒട്ടേറേ രോഗികളിൽ ആശുപത്രിയിലെത്തുന്നുണ്ട്. ശസ്ത്രക്രിയ വിജയിച്ചതോടെ തുടർന്നും രോഗികൾക്ക് അധികം ചെലവില്ലാതെ ശസ്ത്രക്രിയ നടത്തി സുഖം പ്രാപിക്കാനാകും.