crime

കോട്ടക്കൽ: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കവെ വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച ബൈക്ക് യാത്രികനെ തേടി പൊലീസും നാട്ടുകാരും. ജനുവരി 24ന് കോട്ടക്കൽ സീനത്ത് സിൽക്ക്സിനടുത്ത് വച്ചാണ് അപകടം. ചങ്കുവെട്ടി സ്വദേശി എടക്കണ്ടൻ കുഞ്ഞുമൊയ്തീനാണ് (71) പരിക്കേറ്റത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ഇടതു കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നു. ഇടിച്ച ശേഷം നിറുത്താതെ പോയ ബൈക്ക് യാത്രികനെ നിരീക്ഷണ കാമറയുടെ സഹായത്തോടെ പിടികൂടാനുള്ള ശ്രമത്തിലാണ് കോട്ടക്കൽ പൊലീസ്. കോട്ടക്കൽ ഭാഗത്തുനിന്ന് ചങ്കുവെട്ടി ഭാഗത്തേക്ക് അമിത വേഗത്തിൽ പോകുകയായിരുന്ന ചുവപ്പു നിറത്തിലുള്ള പുതിയ മോഡൽ ബൈക്കാണ് അപകടവരുത്തിയതെന്ന് സമീപത്തെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.