 
പെരിന്തൽമണ്ണ: കൊവിഡ് തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റിന്റെയും സംഘത്തിന്റെയും ജമ്മുകശ്മീർ വിനോദ യാത്രയിൽ പ്രതിഷേധം ശക്തമാവുന്നു. അങ്ങാടിപ്പുറം പഞ്ചായത്തിൽ 523 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 2,13,14,17 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഭരണ നേതൃത്വം സ്ഥലത്തില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ പത്ത് കേസുകളിൽ അധികം റിപ്പോർട്ട് ചെയ്യുന്ന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്നതോടെ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി മാറാനുള്ള സാദ്ധ്യത നിലനിൽക്കെയാണ് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും ക്ഷേമ കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അടക്കമുള്ളവർ ജമ്മു കാശ്മീരിലേക്ക് വിനോദ യാത്രക്കായി പോയത്.
പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോൾ വിവിധ പദ്ധതികളിലെ വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണത്തിന്റെ പ്രാഥമിക ഒരുക്കങ്ങൾ പോലും പഞ്ചായത്തിൽ പൂർത്തിയായിട്ടില്ല. നിരവധി സംഘടനകളും വ്യക്തികളും പരാതികൾ ഉന്നയിച്ചിട്ടും തെരുവുവിളക്കുകൾ റിപ്പയർ ചെയ്യാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറായിട്ടില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.
എൽ.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധിച്ചു
സംഭവത്തിൽ എൽ.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധിച്ചു. ജനങ്ങളെ ദുരന്തമുഖത്ത് ഉപേക്ഷിച്ച് ഉല്ലാസ യാത്രയ്ക്ക് പോയ പഞ്ചായത്ത് ഭരണ നേതൃത്വവും യു.ഡി.എഫ് നേതൃത്വവും മറ്റ് ജനകീയ പ്രശ്നങ്ങളിൽ സ്വീകരിച്ച ജനവിരുദ്ധ നിലപാടു തന്നെയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ആവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ.ടി. നാരായണൻ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കോറാടൻ റംല അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ വാഹിദ വാപ്പുട്ടി, വിജയകുമാരി പുത്തനങ്ങാടി, വി.പി. കദീജ, ഷിഹാദ് പേരയിൽ, പി.രത്നകുമാരി തുടങ്ങിയവർ സംസാരിച്ചു.